ഏപ്രിൽ 23, 2012

ഒഴിഞ്ഞവയറും നിറഞ്ഞവയറും






'വിശന്ന കിളി ധാന്യമണികളെ സ്വപ്നംകാണുന്നു; വിശപ്പുമാറിയ കിളി ഇണയെയും' എന്ന് ഇംഗ്ളീഷിലൊരു പഴഞ്ചൊല്ലുണ്ട്. പഴഞ്ചൊല്ലിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അതില്‍നിന്ന് പ്രസരിക്കുന്ന സത്യം ഇന്നും പ്രസക്തമാണ്. മലയാളിയുടെ സദാചാര അപചയത്തിന്റെ വേരുകള്‍ ഒരുപക്ഷേ, ഈ ചൊല്ലില്‍ കണ്ടെത്താനാവും. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നം വിശപ്പുള്ളവനല്ല മറിച്ച്, ഒട്ടും വിശപ്പില്ലാത്ത, എപ്പോഴും വയര്‍നിറഞ്ഞിരിക്കുന്ന ഒരു ജനത സൃഷ്ടിക്കുന്നതല്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
വയര്‍നിറയുമ്പോള്‍ ഏതൊരു ജീവിക്കും ആലസ്യംബാധിക്കും. മനസ്സിന് ഉണര്‍വ് നഷ്ടപ്പെടും. ഒരുവേള ഉറക്കത്തിലേക്ക് വഴുതിവീഴും. ശരീരശാസ്ത്രപരമായി നോക്കിയാല്‍ ഈ പ്രതിഭാസത്തിന് ന്യായീകരണവുമുണ്ട്. നിറഞ്ഞുകവിഞ്ഞ ഭക്ഷണം ദഹിപ്പിക്കുന്നതിനായി ഉദരത്തിലേക്ക് കൂടുതല്‍ രക്തം ആവശ്യമായിവരുന്നു. ഇതാകട്ടെ, തലച്ചോറിലേക്കും ഹൃദയത്തിലേക്കുമൊക്കെ പോകുന്ന രക്തത്തില്‍നിന്നാണ് കടമെടുക്കുന്നത്. അപ്പോള്‍ തലച്ചോറിന്റെയും ശരീരത്തിന്റെയും പ്രവര്‍ത്തനപരത കുറയുകയും വ്യക്തി അല്ലെങ്കില്‍ മൃഗം അലസനായിമാറുകയും ചെയ്യുന്നു.
നേരെമറിച്ച്, വിശക്കുന്നവന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ് ചെയ്യുന്നത്. ഏതുജീവിയുടെ കാര്യത്തിലും ഈ തത്ത്വം ബാധകമാണ്. ഒഴിഞ്ഞ വയറുള്ളവന്റെ തലച്ചോര്‍ ഉണര്‍വിന്റെ അവസ്ഥയിലായിരിക്കും.
കവിയും കലാകാരനും സാഹിത്യകാരനും രാഷ്ട്രീയക്കാരനുമൊക്കെ താന്താങ്ങളുടെ പട്ടിണിക്കാലത്ത് നടത്തിയ മികച്ച സൃഷ്ടികളുടെ നിലവാരം പില്‍ക്കാലത്ത് സമ്പന്നതയില്‍ അഭിരമിച്ചപ്പോള്‍ തുടരാനാവാതെപോയത് ഇതുകൊണ്ടായിരിക്കാം. നമ്മുടെ പല സംഗീതജ്ഞരും ചിത്രകാരന്മാരും സാഹിത്യകാരന്മാരും മേത്തരം സൃഷ്ടികള്‍ ചെയ്തത് തങ്ങളുടെ ദാരിദ്യ്രകാലത്തായിരുന്നു എന്നത് ഒരു ചരിത്രസത്യമാണ്.
ധൈഷണികതക്ക് ദാരിദ്യ്രവും ഒഴിഞ്ഞവയറും ഒരു പരിധിവരെ പ്രേരകശക്തികളാവുമ്പോള്‍ സമ്പന്നതയും നിറഞ്ഞവയറും ഒരു വ്യക്തിയുടെ ബൗദ്ധികതയെയും ധിഷണയെയും ക്ഷീണിപ്പിക്കുകയാണ് ചെയ്യുന്നത്.
ഭക്ഷണംകഴിക്കുന്നതിന് പല തലങ്ങളോ അവസ്ഥകളോ ഉണ്ട്. വിശപ്പുമാറാന്‍വേണ്ടി മാത്രം ആഹാരംകഴിക്കുന്നവന്‍ തന്റെ ധൈഷണികതയെ വലിയതോതില്‍ ശിക്ഷിക്കുന്നില്ല. എന്നാല്‍, വിശപ്പുമാറ്റുന്നതിനപ്പുറം തിന്നാന്‍ വേണ്ടിമാത്രം ജീവിക്കുന്നവന്‍ അതിനേല്‍പ്പിക്കുന്ന ക്ഷതം ചെറുതല്ല. ബുദ്ധിപരതയില്‍നിന്ന് ശരീരാവശതയിലേക്ക് അവന്‍ മാറിചവിട്ടുന്നു. അവനായി അനേകം ശാരീരികപ്രശ്നങ്ങള്‍ വഴിയോരത്ത് ഒളിഞ്ഞും തെളിഞ്ഞും കാത്തിരിക്കുന്നു എന്നകാര്യം മറന്നുകൂടാ. അമിതഭക്ഷണം വ്യക്തിയില്‍ സൃഷ്ടിക്കുന്ന വന്‍ദുരന്തം, അവന്‍ പലതരം ഭോഗേച്ഛകളിലേക്കും നയിക്കപ്പെടുന്നു എന്നതുതന്നെയാണ്.
അവന് ധൈഷണികതയും ബുദ്ധിപരതയും പ്രസംഗത്തിലേയുള്ളൂ, പ്രയോഗത്തിലില്ല. ഇവിടത്തെ യാചകര്‍പോലും വിശപ്പറിയുന്നില്ല.
തനിക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ സന്തോഷം ലഭിക്കുന്ന തരത്തില്‍ ജീവിക്കുക എന്ന രീതിയില്‍ നിന്ന് മലയാളി അകന്നുപോകാന്‍ തുടങ്ങിയിട്ട് കാലമേറെക്കഴിഞ്ഞു. പകരം തനിക്കുമാത്രം സുഖദായകമായ രീതിശാസ്ത്രം അവന്‍ സ്വായത്തമാക്കിയിരിക്കുന്നു-അത് അപരന് അങ്ങേയറ്റം അസുഖകരമാണെങ്കില്‍ക്കൂടി.
ലളിതമായി പറഞ്ഞാല്‍ കേരളത്തില്‍ ഉയര്‍ന്നു വരുന്ന ലൈംഗിക ചൂഷണങ്ങള്‍, പിഡനങ്ങള്‍, ലൈംഗികമായ അമിതാവേശം എന്നിവയെല്ലാം വ്യക്തിതലത്തില്‍ വര്‍ധിച്ചുവരുന്ന ആസക്തികളുടെയും അലോസരങ്ങളുടെയും ബഹിര്‍സ്ഫുരണങ്ങളാണ്.
ധനം പലവിധത്തില്‍ അധികരിക്കുമ്പോഴാണ് പുതിയ സാമൂഹികരീതികള്‍ നിലവില്‍വരുന്നത്. സമ്പത്താര്‍ജിക്കാനും മക്കളെ അതിസുഖലോലുപതയില്‍ വളര്‍ത്താനും ആഗ്രഹിക്കുന്നവന്‍ സത്യത്തില്‍ അടുത്ത തലമുറയെ ബുദ്ധിപരമായ പാപ്പരത്തത്തിലേക്കും ആത്മീയ ദാരിദ്യ്രത്തിലേക്കുമാണ് നയിക്കുന്നത്.
തൊഴില്‍വിഭജനം ശാരീരിക അധ്വാനം ആവശ്യമുള്ളതും ബൗദ്ധികതമാത്രംവേണ്ടതും എന്ന തരത്തിലാകുന്നത് വളരെ അപകടകരമാണെന്ന് മുന്‍കൂട്ടി കാണാനുള്ള ക്രാന്തദര്‍ശനം ഗാന്ധിജിക്കുമാത്രമേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ തൊഴില്‍പരമായ കപടമാന്യത കാണുമ്പോള്‍, ശരിയായ തൊഴില്‍സംസ്കാരത്തില്‍ മേല്‍പറഞ്ഞ രണ്ടിന്റെയും സമതുലിത സമ്മേളനം ഉണ്ടായിരുന്നുവെങ്കില്‍ എന്നാശിച്ചുപോകുക സ്വാഭാവികം.