ഏപ്രിൽ 18, 2012

യോഗയും ആധുനിക ജീവിതവും









മനസിനും ശരീരത്തിനും ഉണര്‍വും ഊര്‍ജവും പകരുന്ന യോഗ ആധുനിക ജീവിതത്തില്‍ പരിശീലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌...

രോഗരഹിതവും സുദൃഢവുമായ ശരീരമാണ്‌ ഏതൊരു പ്രവൃത്തി ചെയ്യുന്നതിനും ആവശ്യമായ ഘടകം. പോഷകപൂര്‍ണവും ക്രമവുമായ ആഹാരംപോലെ തന്നെ പ്രധാനമാണ്‌ വ്യായാമവും. ഇതിന്‌ ഏറ്റവും ഉത്തമമായ ഭാരതത്തനിമയുള്ള വ്യായാമ ശാസ്‌ത്രമാണ്‌ യോഗ. ബുദ്ധിവികാസത്തിനും കാര്യശേഷിവര്‍ധിപ്പിക്കുന്നതിനും ശരീരത്തിലെ രക്‌തചംക്രമണം കുറ്റമറ്റതായി നടക്കാനും യോഗ ഫലപ്രദമാണെന്ന്‌ ആചാര്യന്‍മാര്‍ വ്യക്‌തമാക്കുന്നു. മനുഷ്യന്റെ ഏറ്റവും വലിയ ധനം ആരോഗ്യമുള്ള മനസും ആരോഗ്യമുള്ള ശരീരവുമാണ്‌. ജീവിതത്തിലെ സുഖദു:ഖങ്ങള്‍ അനുഭവിക്കുന്നത്‌ ശരീരമനസുകളാണ്‌. അതിനുള്ള കഴിവും കരുത്തും നമ്മുടെ ശരീരത്തിനും മനസിനും ഉണ്ടായിരിക്കണം. സാധാരണയായി രോഗത്തോടടുക്കുമ്പോള്‍ മാത്രമാണ്‌ നാം ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നത്‌. അതേപോലെ മരണത്തോടടുക്കുമ്പോള്‍ മാത്രമാണ്‌ ജീവിതത്തെപ്പറ്റിയും ചിന്തിക്കുന്നത്‌. ഇന്ന്‌ നമുക്കുണ്ടാകുന്ന എല്ലാ രോഗങ്ങളുടെയും മൂലകാരണം പ്രകൃതിയുടെ അടിസ്‌ഥാനതത്വങ്ങള്‍ക്ക്‌ വിധേയമായി ജീവിക്കാത്തതാണ്‌. ഇതുവരെയുള്ള നമ്മുടെ ചിന്ത, വാക്ക്‌, പ്രവൃത്തി ഇവയുടെ ആകെത്തുകയാണ്‌ ഇന്നത്തെ നമ്മുടെ ജീവിതം. നല്ല വിചാരം, നല്ല വാക്ക്‌, നല്ല പ്രവൃത്തി, നിഷ്‌ക്കാമകര്‍മ്മം, സേവനമനോഭാവം ഇവയെല്ലാം ആരോഗ്യത്തെ പുഷ്‌ടിപ്പെടുത്തുന്നു. ശക്‌തിയുടെ ഉറവിടം മനസാണ്‌. മനസില്‍നിന്നാണ്‌ ശരീരം ശക്‌തിസംഭരിക്കുന്നത്‌. മനസ്‌ ബലഹീനമായാല്‍ ശരീരവും ക്ഷീണിക്കും. പ്രതികൂലപരിതസ്‌ഥിതികളും അനുഭവങ്ങളും മനോമണ്ഡലത്തില്‍ പരത്തുന്ന ഛായാപടലങ്ങളാണ്‌ മനോവേദനയ്‌ക്കും മനസിന്റെ ക്ഷീണത്തിനും മൂലഹേതു.

തത്വബോധവും യുക്‌തിവിചാരവും എന്ന്‌ ഉടലെടുക്കുന്നുവോ അന്നേ നമ്മള്‍ ഇവയില്‍നിന്നെല്ലാം മോചിതരാകുകയുള്ളൂ. ഏത്‌ രോഗത്തെയും നിര്‍മ്മാര്‍ജ്‌ജനം ചെയ്യുന്നതിനുള്ള ആന്തരികശക്‌തികള്‍ നമ്മുടെ ശരീരത്തില്‍ കുടികൊള്ളുന്നുണ്ട്‌. അവയെ ഉണര്‍ത്തുന്നതിനുള്ള പ്രത്യേക ചിട്ടകള്‍ നാം അവലംബിക്കണമെന്നു മാത്രം. ഇവിടെയാണ്‌ യോഗയുടെ പ്രയോജനവും പ്രസക്‌തിയും നാം അറിയുന്നത്‌.

യോഗ എന്നാല്‍ എന്ത്‌?

ആര്‍ഷഭാരതത്തിന്റെ അമൂല്യസംഭാവനയാണ്‌ യോഗദര്‍ശനം, ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ചേര്‍ച്ചയാണ്‌ യോഗ. അതല്ലെങ്കില്‍ പ്രാണനും അപാനനും തമ്മിലുള്ള ചേര്‍ച്ച. മാനുഷികസത്തയെ ദിവ്യാവബോധത്തിലേക്കുയര്‍ത്തുകയാണ്‌ യോഗയുടെ ആത്യന്തികലക്ഷ്യം. കൂടെ രോഗങ്ങള്‍ മാറുകയും ചെയ്യുന്നു. പതഞ്‌ജലിയെന്ന മഹര്‍ഷിയാണ്‌ ഇതിന്റെ ഉപജ്‌ഞാതാവ്‌.

യോഗ എട്ടായി തരംതിരിച്ചിരിക്കുന്നു. അതുകൊണ്ട്‌ അതിനെ അഷ്‌ടാംഗയോഗമെന്നു പറയുന്നത്‌. അവയാണ്‌ യമം, നിയമം, ആസന പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി. ഇതില്‍ ആദ്യത്തെ നാലെണ്ണം ഹഠയോഗംആണ്‌. പിന്നത്തെ നാലെണ്ണം രാജയോഗവും. ശരീരവും മനസും വിപുലപ്പെടുത്തുന്നതാണ്‌ ഹംയോഗം. ആധ്യാത്മികമായ ഉന്നതിയിലെത്തുന്നതാണ്‌ രാജയോഗം. പവിത്രവും പരമരഹസ്യവുമായി തലമുറകളായി കൈമാറിവന്ന ശാസ്‌ത്രമാണിത്‌. അര്‍ഹതയില്ലാത്തവനു പറഞ്ഞുകൊടുത്താല്‍ ഈ ശാസ്‌ത്രം അധ:പതിച്ചു പോകുമായിരുന്നു. പതഞ്‌ജലി മഹര്‍ഷി പറയുന്നത്‌. അയോഗാനുസാന:, യോഗ ചിത്തവൃത്തിരോധ: ഇനി യോഗത്തെപ്പറയാം. യോഗം ചിത്തവൃത്തികളുടെ നിരോധമാണ്‌. ഇതാണ്‌ യമനിയമങ്ങള്‍, യമനിയമങ്ങള്‍ പാലിക്കാത്ത ഒരാള്‍ക്കും യോഗയുടെ ഉന്നതിയിലെത്തിച്ചേരാന്‍ സാധിക്കുകയില്ല.

ആര്‍ക്കെല്ലാം

യോഗ അനുഷ്‌ഠിക്കാം?

സ്‌ത്രീപുരുഷഭേദമന്യേ ആബാലവൃദ്ധം ജനങ്ങള്‍ക്കും അഭ്യസിക്കാന്‍ പറ്റുന്ന ശാസ്‌ത്രമാണിത്‌. ചിലര്‍ക്ക്‌ ഒരു തെറ്റിദ്ധാരണയുണ്ട്‌. സന്യാസിമാര്‍ക്ക്‌ മാത്രമേ ഇത്‌ ചെയ്യാന്‍ കഴിയൂവെന്ന്‌. വിവാഹജീവിതം ഒരിക്കലും ഇതിനൊരു തടസമാകുന്നില്ല. കുടുംബബന്ധത്തിന്‌ ഈ ശാസ്‌ത്രം കെട്ടുറപ്പ്‌ കൂട്ടുന്നതേയുള്ളൂ. യോഗ ഭാരതത്തിന്റെ സംസ്‌കാരമാണ്‌. ഒരു മതത്തോടും ബന്ധിതമാകാതെ സ്വതന്ത്രമായിത്തന്നെ നിലകൊള്ളുന്നു. ഒരാളെക്കൊണ്ട്‌ യോഗ ചെയ്യിക്കുമ്പോള്‍ അയാളുടെ പ്രായം, അയാളിലെ രോഗങ്ങള്‍, രോഗത്തിന്റെ കാഠിന്യം, അയാള്‍ക്ക്‌ ചെയ്യാന്‍ പറ്റുന്ന ആസനങ്ങള്‍, ഏതൊക്കെ ആസനങ്ങള്‍ പാടില്ല. കഠിനമായ ആസനങ്ങള്‍ ഇവയെല്ലാം മനസിലാക്കണം.

എപ്പോള്‍ ? എങ്ങനെ ?

നിത്യകര്‍മ്മങ്ങളെല്ലാം കഴിഞ്ഞ്‌ ശരീരശുദ്ധിവരുത്തിവേണം യോഗ ആരംഭിക്കുവാന്‍. രാവിലെയോ വൈകിട്ടോ ചെയ്യാവുന്നതാണ്‌. ഉത്തമസമയം പ്രഭാതത്തിലാണ്‌. നല്ലൊരു മുറി ഇതിന്‌ തെരഞ്ഞെടുക്കണം. ആരുടെയും ശല്യമില്ലാത്തതും നല്ല വായുസഞ്ചാരവുമുള്ള മുറി വേണം തെരഞ്ഞെടുക്കാന്‍. ശരീരത്തില്‍ കുറച്ച്‌ വസ്‌ത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. പുരുഷന്മാര്‍ ലങ്കോട്ടി ധരിക്കുന്നത്‌ ഉത്തമമായിരിക്കും. സ്‌ത്രീകള്‍ കൈകാലുകള്‍ മടക്കുന്നതിനും പൊക്കുന്നതിനും തടസമില്ലാത്ത വസ്‌ത്രങ്ങള്‍ വേണം ധരിക്കുവാന്‍. യോഗ ചെയ്യുന്ന സമയത്ത്‌ ഫാന്‍ ഉപയോഗിക്കരുത്‌. കൂടാതെ ഏതെങ്കിലും കഠിനമായഅസുഖമുള്ളപ്പോള്‍ യോഗ ചെയ്യരുത്‌. നിരപ്പായ തറയില്‍ ഒരു വിരിപ്പുവിരിച്ച്‌ അതിന്മേല്‍ വേണം യോഗ അഭ്യസിക്കുവാന്‍. ഒരിക്കലും ആ സമയം ശരീരം തറയില്‍ മുട്ടുവാന്‍ പാടില്ല. കാരണം ആ സമയത്ത്‌ നമ്മുടെ ശരീരത്തുണ്ടാകുന്ന എനര്‍ജി എര്‍ത്തായി പോകാതിരിക്കുന്നതിനാണ്‌.

ഭക്ഷണം കഴിച്ചുകഴിഞ്ഞശേഷം നാലുമണിക്കൂറെങ്കിലും കഴിഞ്ഞേ യോഗാ ചെയ്യാവൂ. വേണമെങ്കില്‍ അരമണിക്കൂര്‍ മുമ്പ്‌ വെള്ളം കുടിക്കാവുന്നതാണ്‌. അതേപോലെ യോഗ കഴിഞ്ഞ്‌ അരമണിക്കൂര്‍ കഴിഞ്ഞേ ഭക്ഷണം കഴിക്കാവൂ.

നല്ല ഒരു ഗുരുവിന്റെ കീഴില്‍ മാത്രമേ യോഗ അഭ്യസിക്കാവൂ. സി.ഡി. കണ്ടോ, പുസ്‌തകത്തിലൂടെയോ യോഗ ശീലിക്കരുത്‌. നിരന്തരമായ അഭ്യാസത്തിലൂടെ മാത്രമേ ഇതിന്റെ പൂര്‍ണത ലഭിക്കുകയുള്ളൂ. ജീവിതകാലം മുഴുവന്‍ അഭ്യസിക്കേണ്ട ജീവിതചര്യയായിവേണം യോഗ കാണാന്‍.

യോഗ വരുത്തുന്ന മാറ്റങ്ങള്‍

ശരീരം പഞ്ചഭൂത നിര്‍മ്മിതമാണ്‌. അത്‌ വിഘടിക്കുമ്പോഴാണ്‌ നമുക്ക്‌ രോഗങ്ങള്‍ ഉണ്ടാകുന്നത്‌. അപ്പോള്‍ ശരീരത്തിലെ മിക്ക അവയവങ്ങളുടെയും താളം തെറ്റുന്നു. ഈ താളം ശരിയായവിധത്തിലാക്കുകയാണ്‌ യോഗയിലൂടെ. ശരീരത്തില്‍ ധാതുക്കളുടെ ഏറ്റക്കുറച്ചിലുകള്‍മൂലവും രോഗങ്ങളുകും. ഈ ധാതുക്കളെ പുഷ്‌ടിപ്പെടുത്തിയാല്‍ അതില്‍നിന്നും ഒരു പരിധിവരെ മോചിതരാകാന്‍ കഴിയും. ഒരു മനുഷ്യന്‍ സുഖമായും സമാധാനമായും ദീര്‍ഘായുസായും ജീവിക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും പ്രകൃതി നല്‍കിയിട്ടുണ്ട്‌. അതെല്ലാം കാറ്റില്‍ പറത്തി പ്രകൃതിതത്വങ്ങള്‍ക്ക്‌ വിരുദ്ധമായി ജീവിക്കുമ്പോള്‍ ജീവിതയാത്രയില്‍ അടിപതറിപ്പോകുന്നു. പ്രകൃതിതത്വങ്ങള്‍ക്ക്‌ വിധേയമായി ജീവിക്കുന്നവര്‍ക്ക്‌ മാത്രമേ ലോകത്ത്‌ നിലനില്‍പ്പുള്ളൂ. ജഡവസ്‌തുവാകുന്ന ശരീരം രോഗങ്ങള്‍ക്കിരയാകാതെ കാത്തുസൂക്ഷിച്ചേ മതിയാകൂ. അത്‌ ഓരോരുത്തരുടെയും കടമയാണ്‌. ഈ ജന്മംകൊണ്ട്‌ നമുക്കും മറ്റുള്ളവര്‍ക്കും എന്തെങ്കിലും നല്ലകാര്യം ചെയ്യണമെങ്കില്‍ ആരോഗ്യമുള്ള ശരീരവും ആവേഗമുള്ള മനസും കൂടിയേ തീരൂ. അതിനുള്ള ഉത്തമ ഉപാധിയാണ്‌ യോഗശാസ്‌ത്രം. യുക്‌തിചിന്തയും തത്വബോധവും ഉടലെടുക്കുന്നതിനും സത്യത്തിലധിഷ്‌ഠിതമായ ജീവിതം കെട്ടിപ്പടുക്കുന്നതിനും യോഗശാസ്‌ത്രം വഹിക്കുന്ന പങ്ക്‌ വലുതാണ്‌.

അമിതഭക്ഷണം ആരോഗ്യത്തെ നശിപ്പിക്കുകയും രോഗത്തെ വിളിച്ചുവരുത്തുകയും ചെയ്യുന്നു. മത്സ്യം, മാംസം, മുട്ട എന്നീ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മാത്രമേ ബുദ്ധിയും ശക്‌തിയും ഉണ്ടാകുകയുള്ളൂ എന്നൊരു ധാരണയുണ്ട്‌. അത്‌ തെറ്റാണ്‌. ഇതുമൂലം രോഗങ്ങള്‍ കൂടുകയും വയറിന്റെ താളം തെറ്റുകയും ചെയ്യുന്നു. സസ്യാഹാരം കഴിക്കുന്നവരില്‍ രോഗങ്ങളും പ്രത്യേകിച്ച്‌ ഉദരസംബന്ധമായ രോഗങ്ങള്‍ കുറവാണ്‌. നമ്മുടെ ചിന്ത, സ്വഭാവം മുതലായവ ഉടലെടുക്കുന്നതും ഭക്ഷണത്തില്‍നിന്നാണ്‌. മൃഗങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ അത്‌ മനസിലാക്കാവുന്നതാണ്‌. പശു, കാള, പോത്ത്‌, ആട്‌, മുയല്‍ മുതലായ മൃഗങ്ങള്‍ ശാന്തസ്വഭാവമുള്ളവയാണ്‌. അതേപോലെ മാംസഭുക്കുകളായ സിംഹം, കരടി, കടുവ, പുലി മുതലായ മൃഗങ്ങളെ ശ്രദ്ധിച്ചാല്‍ മനസിലാകും അവയുടെ സ്വഭാവം. അതുകൊണ്ട്‌ വ്യായാമം മാത്രം പോര, ഭക്ഷണനിയന്ത്രണവും പ്രധാന ഘടകമാണ്‌.