ഏപ്രിൽ 22, 2012

മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍



അമ്മിഞ്ഞപ്പാല്‍ അമൃതാണെന്നാണ് പറയാറ്. കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തിന് മുലയൂട്ടല്‍ പ്രധാനമാണ്. ശരിയായ വിധത്തിലുള്ള മുലയൂട്ടല്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. മാത്രമല്ലാ, പാലുണ്ടാകാനും ശരിയായ വിധത്തിലുള്ള മുലയൂട്ടല്‍ വേണം. പ്രസവം കഴിഞ്ഞ് സ്തനത്തില്‍ നിന്നും ആദ്യം കൊളസ്ട്രം എന്നറിയപ്പെടുന്ന മഞ്ഞ നിറത്തിലുള്ള ദ്രാവകമാണ് വരിക. തെറ്റിദ്ധാരണയുടെ പുറത്ത് ഇത് കുഞ്ഞിന് നല്‍കാതിരിക്കുന്നവരുണ്ട്. എന്നാല്‍ കുഞ്ഞിന് രോഗപ്രതിരോധ ശേഷി വരാന്‍ ഈ കൊളസ്ട്രം വളരെയധികം സഹായിക്കും. കുഞ്ഞ് മുലപ്പാല്‍ കുടിക്കുന്നുണ്ടെങ്കില്‍ വെള്ളം നല്‍കേണ്ടതുണ്ടോ എന്ന സംശയം പല അമ്മമാര്‍ക്കും ഉണ്ടാകും. മുലപ്പാല്‍ നന്നായി ലഭിക്കുന്ന കുഞ്ഞിന് വേറെ വെള്ളം നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ മുലയൂട്ടുന്ന അമ്മ ധാരാളം വെള്ളം കുടിയ്‌ക്കേണ്ട ആവശ്യമുണ്ട്. നല്ലപോലെ പാലുണ്ടാകാനും പാലിലൂടെ ശരീരത്തിലെ വെള്ളം നഷ്ടപ്പെടുന്നതിനാലും വെള്ളം ശരീരത്തിന് ആവശ്യമുണ്ട്. കുഞ്ഞിന് എത്ര നാള്‍ പാല്‍ കൊടുക്കേണ്ടതുണ്ടെന്ന കാര്യത്തില്‍ പലരും പലവിധ അഭിപ്രായമുണ്ട്. ആദ്യത്തെ ആറുമാസം കുഞ്ഞിന് മുലപ്പാല്‍ മാത്രമെ കൊടുക്കാവൂ. കുഞ്ഞിന് രണ്ടു വയസു വരെ പാലു കൊടുക്കുന്നതാണ് നല്ലത്. ഇതിന് ശേഷവും ഇഷ്ടമുള്ളിടത്തോളം കുഞ്ഞിന് പാല്‍ കൊടുക്കാം. കുഞ്ഞിന് പാലു കൊടുക്കുമ്പോള്‍ ശരിയായ രീതിയില്‍ കുഞ്ഞിനെ പിടിക്കേണ്ടത് ആവശ്യമാണ്. ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും പാലൂട്ടാന്‍ സാധിക്കും. എന്നാല്‍ ഇരുന്നു പാല്‍ കൊടുക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം. കിടന്നു പാല്‍ കൊടുക്കുമ്പോള്‍ കുഞ്ഞിന്റെ ശിരസില്‍ പാല്‍ കയറി ശ്വാസം മുട്ടല്‍ വരാനുള്ള സാധ്യത കൂടുതലാണ്. ശരീരസൗന്ദര്യം നഷ്ടപ്പെടുമെന്നു കരുതി മുലയൂട്ടാതിരിക്കുന്നതും തെറ്റാണ്. ഹോര്‍മോണ്‍ മാറ്റങ്ങളിലൂടെ അല്ലെങ്കില്‍ത്തന്നെ അതു സംഭവിക്കാം. പ്രസവശേഷം പഴയ ശരീരവടിവിലെത്താനും അധികം താമസം വരില്ല.മുലപ്പാല്‍ സൂക്ഷിക്കുന്നവര്‍ക്ക്ജോലിക്കാരായ അമ്മമാര്‍ക്കും മറ്റും ദീര്‍ഘനേരം കുഞ്ഞിനെ മുലയൂട്ടാന്‍ സാധ്യമാവാത്ത അവസ്ഥയുണ്ടാവുമ്പോള്‍ മുലപ്പാല്‍ എടുത്ത് സൂക്ഷിച്ചു വച്ച് കുഞ്ഞിനു കൊടുക്കാന്‍ സാധിക്കും. ഇത് മൂലം കുഞ്ഞിന് ആവശ്യത്തിന് മുലപ്പാല്‍ കിട്ടും. അമ്മയുടെ തിരക്കുകള്‍ കുഞ്ഞിനെ ബാധിക്കില്ല. വിവിധ രീതികളില്‍ മുലപ്പാല്‍ എടുത്തു വയ്ക്കാവുന്നതാണ്. മുലപ്പാല്‍ സൂക്ഷിച്ചുവയ്ക്കാനുള്ള ചില മാര്‍ഗങ്ങള്‍എടുത്തു വച്ച മുലപ്പാല്‍ ഉടനെതന്നെ ശീതീകരിക്കുക. മുലപ്പാല്‍ ആറ് മണിക്കൂറോളം അന്തരീക്ഷ ഊഷ്മാവില്‍ കേടുകൂടാതെയിരിക്കും. ഈ സമയത്ത് സൂര്യപ്രകാശം, റേഡിയേറ്റര്‍, തുടങ്ങി ഊഷ്മാവ് വര്‍ധിപ്പിക്കുന്നവയില്‍ നിന്നെല്ലാം മാറ്റിവയ്ക്കണം.മുലപ്പാല്‍ 48 മണിക്കൂര്‍ വരെ ശീതീകരിച്ചു സൂക്ഷിക്കാനാവുന്നതാണ്.മരവിപ്പിച്ചു സൂക്ഷിച്ചാല്‍, ഒറ്റ വാതിലുള്ള ഫ്രിഡ്ജിന്റെ ഫ്രീസറില്‍ വച്ചാല്‍ ഒന്നു മുതല്‍ രണ്ടാഴ്ച വരെ യാതൊരു കേടും കൂടാതെ നില്‍ക്കുന്നതാണ്. രണ്ടു വാതിലുള്ള ഫ്രോസ്റ്റ് ഫ്രീ ഫ്രിഡ്ജിന്റെ ഫ്രീസറില്‍ വച്ചു സൂക്ഷിച്ചാല്‍ മൂന്ന് മാസം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്.ചെറിയ അളവില്‍ എടുത്തു വച്ച് ശീതീകരിച്ച്, മരവിപ്പിച്ചു സൂക്ഷിക്കുക. ഓരോ പാത്രത്തിലും 90 - 120 മില്ലി ലിറ്റര്‍ വരെ മാത്രം. ഇതുമൂലം ചീത്തയായിപ്പോകുന്നതു തടയാം. പെട്ടെന്ന് അന്തരീക്ഷ ഊഷ്മാവിലേക്കു തിരിച്ചുകൊണ്ടുവരികയുമാവാം.