ഏപ്രിൽ 22, 2012

കട്ടന്‍ചായ രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് പഠനം..



ദിവസവും മൂന്ന് കപ്പ് കട്ടന്‍ചായ കുടിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയുമെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ചായയും ഹൃദ്രോഗത്തിന് കാരണമാകുന്ന ഘടകങ്ങളിലൊന്നായ രക്തസമ്മര്‍ദ്ദവും തമ്മിലുള്ള ബന്ധം വിശദമാക്കുന്ന പ്രധാനപ്പെട്ട ഒരു പഠനമാണിത്. ആര്‍ക്കെയ്വ്സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

35നും 75നും ഇടയില്‍ പ്രായമുള്ള 95 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ ഒരു ഗ്രൂപ്പിന് ദിവസവും 3 കപ്പ് കട്ടന്‍ചായ നല്‍കി. മറ്റൊരു ഗ്രൂപ്പിന് അതേ മണമുള്ള കഫീന്‍ അടങ്ങിയ തേയിലയില്‍ നിന്നെടുക്കാത്ത പാനീയവും നല്‍കി. ആറ് മാസത്തിന് ശേഷം ഗവേഷകര്‍ ഇവരെ പരിശോധിച്ചു. കട്ടന്‍ചായ കുടിച്ചവര്‍ക്ക് മറ്റുള്ളവരെക്കാള്‍ സിസ്റ്റോളിക് പ്രഷറും ഡയസ്റ്റോളിക് പ്രഷറും കുറഞ്ഞതായി കണ്ടു. രക്തസമ്മര്‍ദ്ദം പ്രധാനമായും അളക്കുന്നത് സിസ്റ്റോളിക്, ഡയസ്റ്റോളിക് എന്നീ പേരുകളിലാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ള ആളുകളില്‍ കട്ടന്‍ചായ കുടിക്കുന്നതുമൂലം ഇതേ ഫലം ഉണ്ടാകുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.