ഏപ്രിൽ 22, 2012

മാനസികാരോഗ്യ ചട്ടങ്ങള്‍







മാനസികരോഗം ഭേദമായവരെ ശുശ്രൂഷിക്കുന്ന തിനുള്ള കെയര്‍ ഹോമുകളുടെ പ്രവര്‍ത്തനത്തിനായി പുതിയ ചട്ടങ്ങള്‍ വരുന്നു. ഗുജറാത്ത്, തമിഴ്നാട് സര്‍ക്കാരുകള്‍ നടപ്പാക്കിയ നിയമങ്ങളുടെ മാതൃകയിലാണു കേരളത്തിലും മാനസികാരോഗ്യ ചട്ടം പുനര്‍നിര്‍ണയിക്കുന്നത്. മാനസികാരോഗ്യ ആശുപത്രികള്‍, നഴ്സിങ് ഹോമുകള്‍ എന്നിവയ്ക്കു മാത്രമായി ഈ നിയമം പുനര്‍നിര്‍ണയിക്കും. മാനസികരോഗം ഭേദമായ ശേഷവും സംരക്ഷിക്കാന്‍ ആളില്ലാത്തവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഇപ്പോള്‍ തന്നെ 15,000 പേര്‍ ഇത്തരത്തില്‍ ഉണ്ടെന്നാണു വിവരം. സംരക്ഷണത്തിനായി സാമൂഹികക്ഷേമ വകുപ്പിന്‍റെ കീഴില്‍ ആറും, സാമൂഹികക്ഷേമ വകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്നു മൂന്നും, കൊല്ലം, എറണാകുളം നഗരസഭകളുടെ നേതൃത്വത്തില്‍ രണ്ടും ഭവനങ്ങളാണുള്ളത്. പുറമെ, എന്‍ജിഒകളുടെ നേതൃത്വത്തില്‍ നൂറ്റിയന്‍പതോളം ഭവനങ്ങളുമുണ്ട്. ഓര്‍ഫനേജ് ആക്ടിന്‍റെ പരിധിയില്‍ റജിസ്റ്റര്‍ ചെയ്താണ് ഇവ പ്രവര്‍ത്തിക്കുന്നത്. മെന്‍റല്‍ ഹെല്‍ത്ത് അതോറിറ്റി നിയമത്തിന്‍റെ കീഴില്‍ ഇവയ്ക്കു പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാലാണു ഗുജറാത്ത്, തമിഴ്നാട് സര്‍ക്കാരുകള്‍ പ്രത്യേകം നിയമം പാസാക്കിയത്. പഴ്സന്‍സ് വിത്ത് ഡിസെബിലിറ്റി ആക്ടിന്‍റെ പരിധിയിലാണ് ഇപ്പോള്‍ അവിടത്തെ ശരണാലയങ്ങളുടെ പ്രവര്‍ത്തനം. കേരളത്തിലും ഇതേ രീതിയിലുള്ള ഭേദഗതിയാണ് ഉദ്ദേശിക്കുന്നത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍, സാമൂഹികക്ഷേമ സെക്രട്ടറി കെ.എം. ഏബ്രഹാം, നിയമ സെക്രട്ടറി രാമരാജപ്രേമപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.