ഏപ്രിൽ 22, 2012

തടി കൂടുന്നത് സൂക്ഷിക്കണം; കിഡ്‌നി ക്യാന്‍സറിന് കാരണമാകാം...







കിഡ്‌നി ക്യാന്‍സര്‍ വര്‍ധിക്കുന്നു, കാരണം പൊണ്ണത്തടി ഓരോ വര്‍ഷവും കിഡ്‌നിയില്‍ ക്യാന്‍സറുണ്ടാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് പഠനങ്ങളില്‍ തെളിയിക്കുന്നു. പൊണ്ണത്തടിയാണ് ഇതിന് പ്രധാന കാരണമെന്നാണ് വിദഗ്ധാഭിപ്രായം. 2009ല്‍ 9000കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 1975ല്‍ 3000 മാത്രമായിരുന്നു കിഡ്‌നി ക്യാന്‍സറെന്നത് അറിയുമ്പോഴാണ് ഈ വര്‍ധനവിനെക്കുറിച്ച് ഉത്കണ്ഠയുണ്ടാകുന്നത്. ബ്രിട്ടനില്‍ ക്യാന്‍സറുകളില്‍ സര്‍വസാധാരണമായി മാറിയിരിക്കുകയാണ് കിഡ്‌നി ക്യാന്‍സര്‍. ക്യാന്‍സറുകളില്‍ എട്ടാം സ്ഥാനത്താണ്. 1975ല്‍ കിഡ്‌നി ക്യാന്‍സര്‍ ബ്രിട്ടനില്‍ 14ാം സ്ഥാനത്തായിരുന്നു.


പുകവലിക്ക് ശേഷം ഈ ക്യാന്‍സറുണ്ടാകാന്‍ കാരണം അമിത വണ്ണമാണത്രേ. അമിത വണ്ണമുള്ളവരില്‍ കിഡ്‌നി ക്യാന്‍സറുണ്ടാകാനുള്ള സാധ്യത 70 ശതമാനത്തോളമാണ്. യുകെയിലെ ക്യാന്‍സര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കിഡ്‌നി ക്യാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് സങ്കടകരമാണെന്ന് ന്യൂസ് റീഡറും കിഡ്‌നി ക്യാന്‍സര്‍ സര്‍വൈവറുമായ നിക്കൊളാസ് ഓവന്‍ പറയുന്നു. ബ്ലഡിലോ മൂത്രത്തിലോ ഇതിന്റെ എന്തെങ്കിലും സൂചന ലഭിച്ചാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ അടുത്ത് പോയി പരിശോധനയ്ക്ക് വിധേയരാകാന്‍ ആളുകള്‍ തയാറാകണമെന്നും നിക്ക് പറയുന്നു.


പ്രശ്‌നങ്ങളെല്ലാം ക്യാന്‍സറാകണമെന്നില്ല. എന്നാല്‍ എന്തെങ്കിലും വ്യത്യാസം അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണുന്നത് കൊണ്ട് പ്രശ്‌നമൊന്നുമില്ല. ക്യാന്‍സര്‍ വളരെ നേരത്തേ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ അത് ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത വര്‍ധിക്കുമെന്നും നിക്കൊളാസ് പറയുന്നു. വാരിയെല്ലിന് കടുത്ത വേദന, അടിവയറ്റില്‍ തുടര്‍ച്ചയായ വേദന എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍. മൂത്രത്തില്‍ കല്ലിന്റെ ലക്ഷണങ്ങളും ഇതൊക്കെത്തന്നെയാണ്. കിഡ്‌നി ക്യാന്‍സര്‍ മാത്രമല്ല അമിത വണ്ണം മൂലമുണ്ടാകുന്നതെന്ന് ക്യാന്‍സര്‍ റിസര്‍ച്ച് യുകെ ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ സാറ ഹിയോം പറയുന്നു.


ആറിലേറെ ക്യാന്‍സറുകള്‍ക്കും അമിത വണ്ണം കാരണമാകുന്നു. കഴിഞ്ഞ 35 വര്‍ഷമായി കിഡ്‌നി ക്യാന്‍സര്‍ ബാധിച്ച് ചികിത്സ മൂലം ഭേദമായവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും സാറ പറയുന്നു. ക്യാന്‍സര്‍ നേരത്തേ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത വര്‍ധിക്കുന്നുവെന്നും സാറ.