വേഗതയിലോടുന്ന സമയത്തെ പോലും തോല്‍പിക്കുന്ന വേഗമാണിപ്പോ നമ്മുടെ ജീവിതത്തിന്. എപ്പോഴും തിരക്ക്. എന്തിന് നമ്മുടെ കുഞ്ഞു കുട്ടികള്‍ക്കു പോലും തിരക്കാണ്. സ്കൂളും പഠനവും. ഇതിനിടയില്‍ നമുക്ക് അവരോടൊ അവര്‍ക്ക് നമ്മളോടൊ മിണ്ടാന്‍ സമയമില്ല. പിന്നെ കുട്ടികള്‍ നമ്മില്‍ നിന്നും അകന്ന് പോകുന്നു എന്ന പരാതിക്ക് പ്രസക്തിയില്ല.
എന്തു തന്നെയായായാലും നമ്മുടെ തിരക്കിനും കുട്ടിയുടെ ഹോംവര്‍ക്കിനുമിടയില്‍ അവര്‍ക്കൊപ്പം ഒന്നു മിണ്ടിയും പറഞ്ഞുമിരിക്കാന്‍ സമയം കണ്ടെത്തിയേ പറ്റൂ. മുതിര്‍ന്ന് വരുന്ന കുഞ്ഞുമായി നല്ല ആശയ വിനിമയം ഉണ്ടെങ്കിലേ അവന്റെ/ അവളുടെ പ്രശ്നങ്ങള്‍ തുറന്ന് പറയുന്ന സാഹചര്യം ഉണ്ടാകൂ. യോജിച്ച എല്ലാ അവസരങ്ങളും ഇതിനായി നമുക്ക് ഉപയോഗപ്പെടുത്തണം.
കുട്ടിയോടൊപ്പമുള്ള ഓരോ നിമിഷവും നാം അവനോട് എന്തെങ്കിലും സംസാരിക്കണം. വെറുതെ സ്കൂളിലെ കാര്യങ്ങളോരോന്നും ചോദിച്ചറിയാം. രാവിലെ നേരത്തെന്മ ഉണര്‍ന്ന് വീടിന്റെ ഉമ്മറത്തോ മറ്റോ കുട്ടിയുമായി കുറച്ചുനേരം ചെലവഴിക്കാം.
നമ്മള്‍ സംസാരിക്കുന്നതിനേക്കാള്‍ അവര്‍ക്ക് പറയാന്‍ അവസരം കൊടുക്കണം. കുട്ടിക്ക് നല്ലൊരു ശ്രോതാവായി ഇരുന്നു കൊടുക്കുന്നതാണ് നല്ലത്.
രാത്രി ഉറങ്ങും മുമ്പ് കുട്ടിയോട് വെറുതെ വിശേഷങ്ങള്‍ തിരക്കുക. പലപ്പോഴും പകല്‍ പറയാന്‍ മടിക്കുന്ന പലതും കുട്ടി രാത്രിയില്‍ പറഞ്ഞെന്നിരിക്കും.
പറ്റുമ്പോഴൊക്കെയും വൈകുന്നേരങ്ങളില്‍ കുട്ടിയോടൊത്ത് പുറത്ത് പോകാം. കുട്ടിക്ക് ഇഷ്ടമുള്ളൊരു കോഫി ഷോപ്പിലോബീച്ചിലോ ഒക്കെ പോകാം?. അവരില്‍ നിന്ന് മാറി നില്‍ക്കാതെ അവരോടൊത്ത് കളിക്കാം. ടിവി കാണുമ്പോഴും പുസ്തകം വായിക്കുമ്പോഴും കുട്ടികളെ ഒപ്പം കൂട്ടാം.
ചെറുതെന്ന് നമുക്ക് തോന്നുന്ന പലതും അവര്‍ക്ക് വലിയ പ്രശ്നങ്ങളാവാം. എന്ത് വന്നാലും തന്റെ കൂടെ താങ്ങായി തന്റെ അഛനും അമ്മയും ഉണ്ടാകുമെന്ന തോന്നല്‍ അവര്‍ക്ക് നല്‍കുന്ന ആത്മ വിശ്വാസം ചെറുതല്ല. കുട്ടികള്‍ക്ക് വേണ്ടി ജീവിതം ജീവിച്ച് തീര്‍ക്കുന്നവര്‍ അറിയേണ്ടതിതാണ്. നമ്മുടെ സാമിപ്യത്തേക്കാള്‍ വലുതല്ല അവരുടെ കുഞ്ഞു മനസ്സില്‍ മറ്റൊന്നും.