തിരുവനന്തപുരം: എച്ച് 1 എന്‍ 1 പനിയില്‍നിന്ന് രക്ഷനേടാന്‍ പുകവലിക്കാര്‍ അത് ഉപേക്ഷിക്കണമെന്ന് പഠനം. പുകവലി മൂലം ശരീരത്തിന്‍െറ പ്രതിരോധശേഷി കുറയുന്നത് വൈറസും ബാക്ടീരിയയും ബാധിക്കാന്‍ ഇടയാക്കും.
എച്ച് 1 എന്‍ 1 നെതിരെ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ള കേരളത്തില്‍ പ്രായപൂര്‍ത്തിയായവരില്‍ 13.4 ശതമാനവും സിഗററ്റോ ബീഡിയോ ഉപയോഗിക്കുന്നവരാണെന്ന് 2009-10ല്‍ നടത്തിയ ആഗോള ടുബാക്കൊ സര്‍വേ പറയുന്നു. ആരോഗ്യവകുപ്പിന്‍െറ കണക്കുകളനുസരിച്ച് സംസ്ഥാനത്ത് 3112 എച്ച് 1 എന്‍ 1 കേസുകളാണ് 2009 ലും 2010ലും റിപ്പോര്‍ട്ടു ചെയ്തത്. ഇതില്‍ 121 പേര്‍ മരിച്ചു. 2009 ആഗസ്റ്റ് 13 ലെ കണക്കനുസരിച്ച് ലോകാരോഗ്യ സംഘടന 1,82,166 എച്ച് 1 എന്‍ 1 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 178 രാജ്യങ്ങളിലായി 1799 പേരാണ് മരിച്ചത്.
ഈ വൈറസ് ബാധയുണ്ടായവര്‍ ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോഴാണ് അന്തരീക്ഷത്തില്‍ ഇത് വ്യാപിക്കുന്നത്. വൈറസുള്ള ഏതെങ്കിലും പ്രതലത്തില്‍ സ്പര്‍ശിക്കുകയും അതിലൂടെ മൂക്കിലോ വായിലോ വൈറസ് എത്തുകയും ചെയ്താലും രോഗബാധയുണ്ടാകും. വൈറസ് ശരീരത്തിലെത്തിയാല്‍ ഒന്നു മുതല്‍ ഏഴുവരെ ദിവസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും. പനി, തലവേദന, ശരീരവേദന, ക്ഷീണം, വയറിളക്കം, ഛര്‍ദി എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍.
ന്യൂ ഇംഗ്ളണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ 1982ല്‍ പുകവലിയും ഫ്ളൂബാധയും തമ്മിലെ ബന്ധം സ്ഥിരീകരിച്ചിരുന്നു. രോഗാവസ്ഥ സൃഷ്ടിക്കുന്നതില്‍ പുകവലിക്ക് ഗണ്യമായ സ്വാധീനമുണ്ടെന്നും കടുത്ത പുകവലിക്കാരെ തീര്‍ത്തും അവശരാക്കാന്‍ ഈ രോഗത്തിന് കഴിയുമെന്നുമായിരുന്നു നിഗമനം. ‘യുവാക്കളില്‍ എച്ച് 1 എന്‍ 1 അപകടം സൃഷ്ടിക്കുന്നതില്‍ പുകവലിയുടെ പങ്ക്’ എന്ന പേരില്‍ ഇസ്രയേലിലെ 336 അരോഗദൃഢഗാത്രരെ പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്. 168 പുകവലിക്കാരില്‍ 68.5 ശതമാനത്തിനും ഫ്ളൂ ബാധയുണ്ടായപ്പോള്‍ പുകവലി ശീലമില്ലാത്തവരില്‍ 47.2 ശതമാനം മാത്രമെ രോഗബാധിതരായുള്ളു. രോഗബാധ ഗുരുതരമായതും പുകവലിക്കുന്നവരിലായിരുന്നു. 50.6 ശതമാനം ജോലിക്കുപോലും പോകാനാവാതെ കിടപ്പിലായപ്പോള്‍ പുകവലിക്കാത്തവരില്‍ 30.1 ശതമാനത്തിനുമാത്രമെ ഈ സ്ഥിതിയുണ്ടായുള്ളൂ.
ചെന്നൈയില്‍ 2009 ആഗസ്റ്റ് മുതല്‍ 2010 ജനുവരി വരെ നടത്തിയ മറ്റൊരു പഠനവും സമാന ഫലങ്ങളാണ് നല്‍കുന്നത്. എച്ച് 1 എന്‍ 1 ബാധിതരായ 442 പേരെ പഠനവിധേയരാക്കിയപ്പോള്‍ അതില്‍ എട്ടു ശതമാനം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കാരണമായത് പുകവലിയായിരുന്നു. പഠനത്തിന്‍െറ വിശദാംശങ്ങള്‍ ജേണല്‍ ഓഫ് ദ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുകവലിക്കുന്നവരില്‍ രോഗബാധക്കുള്ള സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കിയ സംസ്ഥാന ആരോഗ്യ അഡീഷനല്‍ ഡയറക്ടര്‍ ഡോ. എന്‍. ശ്രീധര്‍ അതിന്‍െറ കാരണവും വിശദീകരിച്ചു. പുകവലി ശ്വാസനാളത്തിന്‍െറ ഘടനയില്‍ മാറ്റംവരുത്തുന്നതിനാല്‍ രോഗബാധിതരില്‍ പ്രതിരോധശേഷി കുറയും. ഈ സാഹചര്യത്തിലാണ് ബാക്ടീരിയയോ വൈറസോ ബാധിക്കുമ്പോള്‍ അപകടകരമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.