ഏപ്രിൽ 22, 2012

പുതിയ ഗര്‍ഭനിരോധന ഗുളികകള്‍ ഹാനികരം








പുതു തലമുറ ഗര്‍ഭനിരോധനഗുളികകള്‍ പഴയതിനേക്കാള്‍ അപകടകാരികളെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിരിക്കുന്നു. പഴയ മരുന്നുകളിലെ പ്രധാന ദൂഷ്യ ഫലങ്ങള്‍ വണ്ണം വെക്കലും അമിത രോമ വളര്‍ച്ചയുമായിരുന്നെങ്കില്‍ ആധുനിക മരുന്നുകള്‍ രക്തം കട്ടപിടിക്കുന്നതിനിടയാക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഈ അവസ്ഥയില്‍ പിന്നീടുള്ള ഗര്‍ഭധാരണത്തിലും ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.


പഴയ തലമുറ മരുന്നുകള്‍ ഉപയോഗിക്കുന്നവരേക്കാള്‍ രക്തം കട്ട പിടിക്കാനുള്ള സാധ്യത പുതിയ മരുന്നുപയോഗിക്കുന്നവര്‍ക്ക് 43% കൂടുതലാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. പതിനായിരം പേരില്‍ ആറു പേര്‍ക്ക് രോഗം വളരെ ഗുരുതരമായെന്നും പഠനം വെളിപ്പെടുത്തുന്നു. മൂന്നു ലക്ഷത്തി മുപ്പതിനായിരം ഇസ്രായേലി സ്ത്രീകളിലാണ് ഈ പഠനം നടത്തിയത്.


മോണ്ട് റിയലിലെ മക്ഗില്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍ സൂസന്‍ സോളിമോസ്സിന്റെ അഭിപ്രായം ജീവിത രീതിയും കുടുംബ പാരമ്പര്യവും മുമ്പ് ഉപയോഗിച്ചിരുന്ന മരുന്നുകളും ഇക്കാര്യത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ടാവാം എന്നാണ്. മരുന്ന് കഴിച്ച് ആദ്യ നാലു മാസങ്ങള്‍ക്കുള്ളില്‍ തന്നെ രക്തം കട്ട പിടിക്കാനുള്ള പ്രവണത പ്രവണത കണ്ടു തുടങ്ങുമെന്നും വേണ്ട മുന്‍ കരുതലെടുത്താല്‍ ഗുരുതരമാകാതെ തടയാമെന്നുമാണ് അവര്‍ പറയുന്നത്.


മതിയായ വൈദ്യപരിശോധന കൂടാതെ സ്വയം ചികിത്സ നടത്തുന്നവര്‍ ആപത്തില്‍ ചെന്നു ചാടിയേക്കുമെന്ന് ഗവേഷണ സംഘം മുന്നറിയിപ്പ് നല്‍കുന്നു. ലോകമെമ്പാടും പുതിയ തലമുറ ഗര്‍ഭനിരോധന ഗുളികകള്‍ ആധിപത്യമുറപ്പിച്ചു കഴിഞ്ഞു. 2006ലാണ് ഇവ ആദ്യമായി പ്രചാരത്തിലെത്തിയത്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഇവ വിപണി കീഴടക്കിയതിനുള്ള പ്രധാന കാരണം സൈഡ് എഫക്ടുകള്‍ ഇല്ല എന്ന പ്രചാരണമായിരുന്നു.


സൗന്ദര്യത്തിനു കോട്ടം തട്ടുന്ന വിധത്തില്‍ അമിത വണ്ണവും രോമവളര്‍ച്ചയും ഉണ്ടാവില്ലെന്ന പ്രചരണം നിമിത്തം മരുന്ന് ഉപയോഗിക്കാന്‍ മുന്‍പന്തിയില്‍ നിന്നത് അവിവാഹിതരായ പെണ്‍കൊടിമാരായിരുന്നു. ഇത്തരക്കാര്‍ പുതുവേ വൈദ്യസഹായം തേടാതെ മരുന്നുകള്‍ വാങ്ങിക്കഴിക്കുന്നവരായതു കൊണ്ട് ഗുളികയുടെ ദൂഷ്യ ഫലങ്ങള്‍ പുറത്തറിയാന്‍ കാല താമസമെടുക്കും. പലപ്പോഴും ഗര്‍ഭിണിയായി നടത്തുന്ന പരിശോധനയിലാവും രോഗം കണ്ടു പിടിക്കുക. അമേരിക്കയില്‍ ഇത്തരത്തിലുള്ള ഒരു കമ്പനിയുടെ മരുന്നുകള്‍ മാത്രം കഴിഞ്ഞ ഒമ്പതു മാസത്തിനിടയില്‍ 200 കോടി ഡോളറോളമാണു വിറ്റുവരവായി നേടിയത്.