കുപ്പിയിലടച്ചുവരുന്ന വിലകൂടിയ കോളപാനീയങ്ങള്‍ക്ക് എന്തിന് വെറുതെ കാശ് കളയുന്നു? ദിവസവും ഒരു ഇളനീര്‍ കുടിക്കൂ. ഒരുമാസത്തിനുള്ളില്‍തന്നെ നിങ്ങളുടെ ഊര്‍ജസ്വലത പതിന്മടങ്ങ് വര്‍ധിക്കുകയും ശരീരത്തിന് അഴകും ആരോഗ്യവും ഉണ്ടാവുകയും ചെയ്യുമെന്ന കാര്യത്തില്‍ തെല്ലും സംശയം വേണ്ട. ദഹനശക്തിയെ വര്‍ധിപ്പിക്കാന്‍ കഴിവുള്ള കരിക്കിന്‍വെള്ളം നവജാതശിശുക്കള്‍ക്കുപോലും ഉത്തമമായതും പോഷകപ്രധാനവുമായ ആഹാരമാണ്. മുലപ്പാല്‍ ശരിയായ അളവില്‍ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കാതെവരുകയും മുലയൂട്ടാന്‍ സാധിക്കാതെ വരുമ്പോഴും പശുവിന്‍പാലില്‍ സമം കരിക്കിന്‍വെള്ളം ചേര്‍ത്ത് കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്നതാണ്. ഇളനീരില്‍ നന്നായി പഴുത്ത നേന്ത്രപ്പഴം ഉടച്ചുചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം പാലിന് പകരമായി കൊടുക്കാവുന്ന ഭക്ഷണമെന്നാണ് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഒരുഗ്ളാസ് ഇളനീരില്‍ ഏകദേശം അരഗ്ളാസ് പാലിന് തുല്യമായ പോഷകമൂല്യങ്ങള്‍ അടങ്ങിയിരിക്കുമെന്ന വൈദ്യശാസ്ത്ര നിഗമനം വിസ്മരിക്കാതിരിക്കുക. നാം കുടിക്കുന്ന പാനീയങ്ങളില്‍ ഏറ്റവും രുചിയേറിയതാണ് കരിക്കിന്‍വെള്ളം. രണ്ടുഗ്ളാസ് ഇളനീരില്‍ ഒരുഗ്ളാസ് തൈരിലുള്ളതിനേക്കാള്‍ മാംസ്യവും ലവണങ്ങളും അടങ്ങിയിട്ടുണ്ട്. വേഗത്തില്‍ ദഹിക്കുന്നതും കൊഴുപ്പിന്‍െറ അളവ് കുറവുമായതിനാല്‍ പൊണ്ണത്തടിയാല്‍ കഷ്ടപ്പെടുന്നവര്‍ക്കുപോലും കരിക്കിന്‍വെള്ളം ധൈര്യത്തോടെ കഴിക്കാവുന്നതാണ്.
അതുപോലെ ഭക്ഷണനിയന്ത്രണം ആവശ്യമുള്ള രക്തസമ്മര്‍ദ രോഗികള്‍ക്ക് ശരീരക്ഷീണം മാറിക്കിട്ടാന്‍ കരിക്കിന്‍വെള്ളം കുടിക്കുന്നത് ഏറെ ഗുണംചെയ്യും. ശസ്ത്രക്രിയകള്‍ക്കുശേഷവും ആന്‍റിബയോട്ടിക്കുകളും മറ്റും വളരെയധികം ഉപയോഗിക്കേണ്ടിവരുമ്പോഴും ഇളനീര്‍ മുടങ്ങാതെ കഴിക്കുകയാണെങ്കില്‍ രോഗാവസ്ഥയില്‍നിന്ന് വളരെ പെട്ടെന്നുതന്നെ മുക്തി ലഭിക്കും. മൂത്രസംബന്ധമായ രോഗങ്ങള്‍കൊണ്ട് വിഷമിക്കുന്നവര്‍ ഇളനീര്‍ കുടിച്ചാല്‍ വൃക്കകളിലേക്കുള്ള രക്തപ്രവാഹം കൂടുകയും മൂത്രത്തിന്‍െറ അളവ് വര്‍ധിക്കുകയും ചെയ്യും. മറ്റു ചികിത്സകള്‍ ഫലിക്കാതെ വരുമ്പോള്‍ ഛര്‍ദി മാറ്റാന്‍ കരിക്കിന്‍വെള്ളം തുടര്‍ച്ചയായി കൊടുത്താല്‍ മതി. ദഹനമില്ലായ്മ, അള്‍സര്‍, ആമാശയവ്രണം, വന്‍കുടല്‍വീക്കം, മഞ്ഞപ്പിത്തം, മൂലക്കുരു, അതിസാരം എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ഇളനീര്‍ ജ്യൂസ് ഒന്നാന്തരം ആഹാരപദാര്‍ഥമാണ്.
ദിവസവും കരിക്കിന്‍വെള്ളംകൊണ്ട് മുഖം കഴുകുന്നത് മുഖക്കുരു കാരണമുണ്ടാകുന്ന മുഖത്തിലെ അടയാളങ്ങള്‍ മാറിക്കിട്ടാന്‍ സഹായകമാകും. പൊങ്ങന്‍പനി, അഞ്ചാംപനി എന്നിവ കാരണമായുണ്ടാകുന്ന പാടുകള്‍ മാറുന്നതിന് കരിക്കിന്‍വെള്ളം നല്ലതുതന്നെ. കരിക്കിന്‍വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഞരമ്പുകളുടെ തളര്‍ച്ച മാറാനും മലബന്ധം, അര്‍ശസ്സ്, വിട്ടുമാറാത്ത ശ്വാസകോശരോഗം എന്നിവക്ക് ആശ്വാസം നല്‍കും. കുട്ടികളുടെ ശരീരകാന്തിക്കും മസിലുകളുടെ പുഷ്ടിക്കും പാലില്‍ കരിക്കിന്‍വെള്ളം ചേര്‍ത്ത് കഴിക്കുന്നത് വളരെയധികം ഗുണംചെയ്യും. മൂത്രതടസ്സമുണ്ടാകുമ്പോള്‍ ഏലത്തരി പൊടിച്ചിട്ട ഇളനീര്‍ കുടിച്ചാല്‍ മതി.
ഒരു കരിക്കു വെട്ടി പകുതി വെള്ളം മാറ്റി ചുവന്നുള്ളി അരിഞ്ഞതും മുന്തിരിയും അവിലുമിട്ട് നിറച്ച് അടച്ചുവെച്ച് അതിരാവിലെ പിഴിഞ്ഞ് കുടിക്കുന്നത് മൂത്രച്ചൂടിനും തല്‍സംബന്ധമായ അസുഖങ്ങള്‍ക്കും ശമനം കിട്ടാന്‍ ഏറെ ഗുണം ചെയ്യും. കരിക്ക് തുരന്ന് ഒരുപിടി പച്ചരി അതിലിട്ട് പുളിക്കുന്നതുവരെ സൂക്ഷിച്ച് മുഖത്ത് അരച്ചുചേര്‍ത്താല്‍ മുഖക്കുരു, എക്സിമ, കൈവിള്ളല്‍, ചൊറിച്ചില്‍, തൊലിയുടെ നിറംമാറ്റം എന്നിവക്ക് ശമനം കിട്ടും. ഒരു കരിക്കില്‍നിന്ന് രണ്ടുഗ്ളാസ് വരെ ഇളനീര്‍ ലഭിക്കും. 20 രൂപ മുടക്കിയാല്‍ കേരളത്തിലെ മിക്ക നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഇളനീര്‍ സുലഭമായി ലഭ്യമാണ്. ദാഹവും ക്ഷീണവും മാറ്റുന്നതില്‍ ഇതിനെ വെല്ലാന്‍പറ്റിയ ദാഹശമനി ഇല്ലതന്നെ. നമ്മുടെ കല്‍പവൃക്ഷത്തിന്‍െറ പോഷകഗുണവും ഔധമൂല്യവും നിറഞ്ഞ ഉത്തമ പോഷകാഹാരമാണ് ഇളനീര്‍. ‘ഇളനീര്‍ കഴിക്കു; രോഗമകറ്റൂ’ എന്നതാകട്ടെ ഇനി നമ്മുടെ ആരോഗ്യ മുദ്രാവാക്യം.