പച്ചക്കറികളും പഴങ്ങളും പൈപ്പ് വെളളത്തില്‍ നന്നായി ഉരച്ച് കഴുകുക. തൊലിയുടെ മുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനിയുടെ അംശങ്ങള്‍ കളയാന്‍ ഇതുപകരിക്കും.
കാബേജ് പാകം ചെയ്യുന്നതിനു മുമ്പ്, പുറത്തുളള മൂന്ന് ഇതളെങ്കിലും അടര്‍ത്തി മാറ്റുക. അതിനുശേഷം ഉപ്പുവെളളത്തില്‍ നന്നായി കഴുകിയെടുത്ത് ഉപയോഗിക്കാം.
പാവയ്ക്കയുടെ മുളളുകള്‍ക്കിടയില്‍ രാസവസ്തുക്കള്‍ പറ്റിപ്പിടിക്കാനിടയുണ്ട്. പൈപ്പ് വെളളത്തില്‍, സോഫ്റ്റ് ബ്രഷുകൊണ്ട് ഉരച്ചു കഴുകിയാല്‍ അഴുക്കെല്ലാം നീങ്ങും.
പുറത്തുനിന്നും വരുന്ന തക്കാളി, ആപ്പിള്‍ തുടങ്ങിയവ പെട്ടെന്ന് കേടാവാതിരിക്കാന്‍ വാക്‌സ് പുരട്ടാറുണ്ട്. ഇവ ഉപയോഗിക്കുന്നതിനു മുമ്പ് നന്നായി വൃത്തിയാക്കിയാലേ
ഈ വാക്‌സ് കോട്ടിങ്ങ് പോവൂ. ഇത് കളയാന്‍ ഉപ്പും നാരങ്ങാനീരും ചേര്‍ത്ത ചെറു ചൂടുവെളളത്തില്‍ മുക്കിവയ്ക്കുക.
കട്ടിയേറിയ തൊലിയുളള പച്ചക്കറികൾ, തൊലി കളഞ്ഞതിനുശേഷം മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.
പച്ചക്കറികളും പഴങ്ങളും ഒരു മണിക്കൂര്‍ പച്ചവെളളത്തില്‍ ഇട്ടുവയ്ക്കുക. അതിനുശേഷം ചൂടുവെളളത്തില്‍ ഒന്നു മുക്കിയെടുത്താലും മതി.
പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നതിനു മുമ്പ് ഉപ്പിട്ട ചെറുചൂടുവെളളത്തില്‍ അര മണിക്കൂര്‍ വെയ്ക്കുക. നന്നായി വൃത്തിയാകും.
പച്ചക്കറികള്‍ പുളിവെളളത്തില്‍ അര മണിക്കൂര്‍ വെച്ചതിനുശേഷം നല്ല വെളളത്തില്‍ കഴുകിയെടുക്കുക.
ധാന്യങ്ങള്‍ ഒന്ന് ആവി കയറ്റിയശേഷം മാത്രം ഉപയോഗിക്കുക.
കുറച്ചു വെള്ള്ത്തിൽ അല്പം ബേക്കിങ് സോഡ ചേര്‍ത്ത്, അതില്‍ പച്ചക്കറികള്‍ പത്ത് മിനിട്ട് മുക്കിവെയ്ക്കുക. പിന്നീട്, ഇവ പച്ചവെളളത്തില്‍ നന്നായി കഴുകിയതിനുശേഷം ഉപയോഗിക്കാം.
തക്കാളിയില്‍ പ്രയോഗിക്കുന്ന കീടനാശിനികളുടെ അംശങ്ങള്‍ ഞെട്ടില്‍ ഊറി നില്‍ക്കുന്നു. ഈ ഭാഗം എടുത്തുകളഞ്ഞുവേണം തക്കാളി ഉപയോഗിക്കാൻ.
കറിവേപ്പിലയിലും ധാരാളമായി കീടനാശിനികള്‍ തളിക്കുന്നുണ്ട്. ഇവ ഇളംചൂടുവെളളത്തില്‍ കഴുകിയെടുക്കണം. മിക്ക രാസവസ്തുക്കളും ചെറുചൂടുതട്ടിയാല്‍ നീങ്ങുന്നവയാണ്.
കീടനാശിനിയില്‍ നിന്നും രക്ഷനേടാന്‍ സ്വന്തമായൊരു കൊച്ചു അടുക്കളത്തോട്ടം ഉണ്ടാക്കുകയാണ് മികച്ച പോംവഴി. കറിവേപ്പില, പച്ചമുളക്, ഇഞ്ചി, മല്ലിയില ഇവയെങ്കിലും നട്ടുവളര്‍ത്താമല്ലോ.