പറയുന്നത് അനുസരിക്കുന്നില്ല, പഠിക്കുന്നില്ല, എപ്പോഴും ടിവിയുടെ മുന്നില്‍തന്നെയാണ്, ഭയങ്കര ദേഷ്യമാണ്, കള്ളം പറയുന്നു, ചീത്ത വാക്കുകള്‍ മാത്രമേ പ്രയോഗിക്കൂ... കുട്ടികളേക്കുറിച്ചുള്ള പല അച്‌ഛനമ്മമാരുടേയും പരാതി ഇങ്ങനൊക്കെയാണ്? ഈ കുട്ടിയെന്താ ഇങ്ങനെ എന്നു പറഞ്ഞ് കുറ്റപ്പെടുത്തുന്നതിനു പകരം ഈ കുട്ടി ഇങ്ങനെയാകാന്‍ കാരണം തങ്ങള്‍തന്നെയാണോ എന്നു മാതാപിതാക്കള്‍ സ്വയം ചിന്തിക്കണം. അവരോടുള്ള സമീപനത്തില്‍ എവിടെയെങ്കിലും എന്തെങ്കിലും പിഴവു സംഭവിച്ചോ എന്നു പരിശോധിക്കണം.
മാതാപിതാക്കളുടെ കുട്ടികളോടുള്ള സമീപനം, കുടുംബാന്തരീക്ഷം, അവര്‍ വളര്‍ന്നുവരുന്ന സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങള്‍ എന്നിവ ഓരോ കുട്ടിയുടേയും സ്വഭാവരൂപീകരണത്തേയും വ്യക്‌തിത്വ വികസനത്തേയും സ്വാധീനിക്കും. കുട്ടി സ്വഭാവ വൈകൃതമുള്ളവനാണെങ്കില്‍ കാരണം മറ്റൊന്നുമല്ല, അവന്‍ വളര്‍ന്ന സാഹചര്യംതന്നെ. ഓരോ കുട്ടിയുടേയും പ്രശ്‌നങ്ങളെ സാഹചര്യവുമായി കൂട്ടിയിണക്കിവേണം പരിഹാരത്തിനായി ശ്രമിക്കാന്‍.
ഈ വിഷയം സംബന്ധിച്ചു നടന്ന പഠനങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞ പത്തു സുപ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്:
അളവില്ലാതെ സ്‌നേഹിക്കുക
ഉപാധികളില്ലാതെ കുട്ടികളെ സ്‌നേഹിക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയണം. ശരിയായി സ്‌നേഹിക്കപ്പെടുന്നതിലൂടെ മറ്റുള്ളവരെ സ്‌നേഹിക്കാനും അവര്‍ പഠിക്കും. ഇതു കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. മാതാപിതാക്കളുടെ മാനസികനില കുട്ടികളോടുള്ള സ്‌നേഹത്തെ ബാധിക്കരുത്. സ്‌നേഹം കുട്ടിക്കു ബോധ്യപ്പെടുന്നതും സ്‌ഥിരം സ്വഭാവമുള്ളതുമാകണം. സ്‌നേഹം മനസിലിരുന്നാല്‍ മതി, പ്രകടിപ്പിച്ചാല്‍ കുട്ടികള്‍ വഷളാകും എന്ന പഴഞ്ചന്‍ ചിന്താശൈലികള്‍ ഏറെ ദോഷം ചെയ്യും. പ്രകടിപ്പിക്കാത്ത സ്‌നേഹം പിശുക്കന്റെ കൈയിലെ നാണയത്തുട്ടുപോലെ ഉപയോഗശൂന്യമാണെന്നു തിരിച്ചറിയണം.
2 ക്രിയാത്മക പരിശീലനം
കുട്ടികളെ സ്‌നേഹിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അവരില്‍ ചിട്ടയും ശീലങ്ങളും രൂപപ്പെടുത്തിയെടുക്കുന്നതും. വ്യക്‌തവും സ്‌ഥിരസ്വഭാവമുള്ളതുമായ നിര്‍ദേശങ്ങള്‍ വേണം കുട്ടികള്‍ക്കു നല്‍കാന്‍. പ്രായത്തിനനുസരിച്ച് കുട്ടിയുടെ സ്വഭാവരീതി മാറും. അതു മനസിലാക്കി വേണം അവരോട് പെരുമാറാന്‍. മാതാപിതാക്കളുടെ സമീപനം ഒരിക്കലും പരസ്‌പരവിരുദ്ധമാകരുത്.
ശിക്ഷണം സംബന്ധിച്ച് എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ കുട്ടിയുടെ അഭാവത്തില്‍ അതു ചര്‍ച്ചചെയ്‌തു പരിഹരിക്കണം. മാതാപിതാക്കളുടെ പരസ്‌പരവിരുദ്ധമായ നിര്‍ദേശങ്ങള്‍ കുട്ടിയുടെ വ്യക്‌തിത്വവികാസത്തേയും തീരുമാനമെടുക്കാനുള്ള കഴിവിന്റെ രൂപീകരണത്തേയും സാരമായി ബാധിക്കും. കുട്ടിക്കു പറയാനുള്ളതു കേട്ടുമനസിലാക്കിയശേഷം കാര്യകാരണ സഹിതം നിര്‍ദേശം നല്‍കുകയാണു വേണ്ടത്.
ശാസ്‌ത്രീയമായി വേണം കുട്ടികളെ ശിക്ഷിക്കാന്‍. ശിക്ഷയെന്നു കേള്‍ക്കുമ്പോഴേ വടിയും അടിയുമാണ് മനസിലേക്ക് ഓടിയെത്തുന്നത്. എന്നാല്‍ അടി ഒരിക്കലും ഒരു പ്രധാന ശിക്ഷാമാര്‍ഗമായി സ്വീകരിക്കാന്‍ പാടില്ല. അടികിട്ടും തോറും ചില കുട്ടികള്‍ കൂടുതല്‍ വാശിയുള്ളവരായിത്തീരാം. ഇവരില്‍ സ്വഭാവവൈകല്യങ്ങളും കൂടുതലായി കാണാം. അതിനാല്‍ വടി ഒഴിവാക്കി പകരം ചെയ്‌ത തെറ്റിനു കുട്ടിയേക്കൊണ്ട് ക്ഷമ പറയിക്കുക, നല്‍കിവരുന്ന സമ്മാനങ്ങളും വാഗ്‌ദാനങ്ങളും താല്‍ക്കാലികമായി പിന്‍വലിക്കുക തുടങ്ങിയ ശാസ്‌ത്രീയ ശിക്ഷാരീതികള്‍ അവലംബിക്കാം.
ഇതു കുട്ടിക്കു കൂടി ബോധ്യപ്പെടുത്തിക്കൊടുക്കുകയും വേണം. ക്രൂരമായ ശിക്ഷാരീതികള്‍ കര്‍ശനമായും ഒഴിവാക്കണം.
3. കുട്ടിയോടൊപ്പം സമയം ചെലവഴിക്കുക
എത്ര വലിയ തിരക്കാമെങ്കിലും അച്‌ഛനമ്മമാര്‍ കുട്ടികള്‍ക്കൊപ്പം അല്‍പസമയം ചെലവഴിക്കണം. അവരോടൊപ്പം കളിക്കുകയും മറ്റും ചെയ്‌ത് പരസ്‌പരം ഇടപഴകുന്നതിനുള്ള സാഹചര്യം ഒരുക്കണം. ഇവിടെ കുട്ടിയുടെ ഇഷ്‌ടത്തിനുവേണം പ്രാമുഖ്യം നല്‍കാന്‍. ഈ ഇഷ്‌ടത്തെ കുട്ടിക്കു പ്രയോജനകരമായ രീതിയില്‍ മാറ്റിയെടുക്കുകയും വേണം.
4. അച്‌ഛനമ്മമാരുടെ പരസ്‌പര സ്‌നേഹം
വിജയകരമായ ദാമ്പത്യജീവിതം നയിക്കുന്ന ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കെ നല്ല മാതാപിതാക്കളാകാന്‍ കഴുയൂ. ഇവര്‍ പുലര്‍ത്തുന്ന പരസ്‌പരസ്‌നേഹം, ബഹുമാനം, വിശ്വാസ്യത എന്നിവ കുടുംബത്തിനു സുരക്ഷിതത്വബോധം ഉണ്ടാക്കുന്നു. കുട്ടിയോടു മാത്രം സ്‌നേഹം പ്രകടിപ്പിച്ചാല്‍ പോര. അച്‌ഛനമ്മമാര്‍ തമ്മിലുള്ള സ്‌നേഹവും സൗഹാര്‍ദവും പരസ്‌പര ബഹുമാനവും കുട്ടിയേക്കൂടി ബോധ്യപ്പെടുത്തുകയും വേണം. ഇതു കുട്ടികളേയും ആഹ്‌ളാദഭരിതരാക്കും എന്നു മാത്രമല്ല, അച്‌ഛനും അമ്മയും എത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് അവര്‍ക്ക് അറിയാനാകുകയും ചെയ്യും.
5. ജീവിതമൂല്യങ്ങള്‍ പഠിപ്പിക്കുക
അടിസ്‌ഥാന ജീവിതമൂല്യങ്ങളേക്കുറിച്ചുള്ള ബോധം കുട്ടികളില്‍ ഉണ്ടാക്കിയെടുക്കുന്നതിലും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സഹജീവികളോടുള്ള സ്‌നേഹം, ആത്മാര്‍ഥത, സത്യസന്ധത, അര്‍പണബോധം, ഉത്തരവദിത്തബോധം തുടങ്ങിയവയ്‌ക്കു പ്രാധാന്യം നല്‍കണം. ഇതു കുട്ടികളില്‍ സേവനതല്‍പരതയും ആത്മവീര്യവും ഉണ്ടാക്കും.
6. പരസ്‌പരം ബഹുമാനിക്കുക
കുടുംബത്തില്‍ എല്ലാവരും പരസ്‌പര ബഹുമാനത്തോടെ വേണം പെരുമാറാന്‍. മാതാപിതാക്കള്‍ തമ്മിലും കുട്ടികളോടും ബഹുമാനം പുലര്‍ത്തുന്നത് അവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കും. കുട്ടികളോട് നന്ദിപ്രകടിപ്പിക്കുന്നതിലും ാവശയത്തിനു ക്ഷമാപണം നടത്തുന്നതിലും നാണക്കേടു വിചാരിക്കേണ്ട കാര്യമില്ല. കുട്ടികളോടുള്ള വാഗ്‌ദാനങ്ങള്‍ പാലിക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ എന്തുകൊണ്ട് അതിനു കഴിഞ്ഞില്ല എന്നു വിശദീകരിക്കാന്‍ സാധിക്കണം.
7. കുട്ടികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുക
കുട്ടിയേയും വ്യക്‌തിയായി പരിഗണിച്ച് അവന്‍ അല്ലെങ്കില്‍ അവള്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കണം. കുട്ടികളെ ശ്രദ്ധിക്കുകയെന്നാല്‍ അവര്‍ പറയുന്ന കാര്യങ്ങളെല്ലാം സമ്മതിക്കുക എന്നല്ല അര്‍ഥം. അവ മനസിലാക്കി സംവദിക്കുക എന്നാണ്.
8. പ്രതിസന്ധികളില്‍
സഹായം
എന്തു വന്നാലും അച്‌ഛനും അമ്മയും തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന ബോധം കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. കൗമാരക്കാരായ കുട്ടികള്‍ക്കു സങ്കോചമോ ഭയമോ കൂടാതെ കാര്യങ്ങള്‍ പരസ്‌പരം ചര്‍ച്ചചെയ്യാനുള്ള അവസരം മാതാപിതാക്കള്‍ സൃഷ്‌ടിക്കണം. മാതാപിതാക്കളുടെ അഭിപ്രായങ്ങള്‍ അവസാന വാക്കല്ലെന്നും സാഹചര്യത്തിനനുരിച്ച് അവ മാറാമെന്നും കുട്ടിയെ ബോധ്യപ്പെടുത്തണം. പ്രതിസ്‌ന്ധിഘട്ടങ്ങളില്‍ സ്വയം പരിഹാരമാര്‍ഗം കണ്ടെത്താനും കുട്ടികളെ പ്രോത്സാഹിപ്പിക്കണം.
9. സ്വാതന്ത്ര്യം നല്‍കണം
കുട്ടികളില്‍ ക്രമേണയായി സ്വതന്ത്ര മനോഭാവം വളര്‍ത്തിയെടുക്കണം. ആദ്യം ചെറിയ കാര്യങ്ങളിലും പിന്നീടു വലിയ കാര്യങ്ങളിലും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം.
തീരുമാനത്തെ സ്വയം വിമര്‍ശനപരമായ രീതിയില്‍ വിലയിരുത്താനും അവരെ ശീലിപ്പിക്കണം.
10 യാഥാര്‍ഥ്യബോധം പ്രധാനം
നിത്യജീവിതത്തില്‍ എല്ലാക്കാര്യവും നന്നായി മുന്നോട്ടുപോയാലും പ്രായോഗിക അനുഭവങ്ങള്‍ എപ്പോഴും സന്തോഷകരമാകണമെന്നില്ല. ഇതു മാതാപിതാക്കള്‍ ഉള്‍ക്കൊള്ളുകയും കുട്ടികളെ ബോധ്യപ്പെടുത്തുകയും വേണം. കുട്ടികളെ വളര്‍ത്തല്‍ കുട്ടിക്കളിയല്ല എന്നു മാതാപിതാക്കള്‍ മനസിലാക്കണം.