ഉള്ളില്‍ ചെന്നാല്‍ അപകടം വരുത്തുന്ന ഒട്ടേറെ വസ്‌തുക്കള്‍ വീടുകളിലുണ്ട്. സോപ്പുപൊടി, ഡെറ്റോള്‍, ബ്ലീച്ചിംഗ് പൗഡര്‍, ആസിഡുകള്‍, കീടനാശിനി, ലോഷന്‍ തുടങ്ങിയവ ഉദാഹരണം. മാതാപിതാക്കളുടെ അശ്രദ്ധമൂലം കുട്ടികള്‍ ഇവയെടുത്തു കഴിച്ച് അപകടം വരുത്തുന്നതു സാധാരണമാണ്.
വിഷ, രാസവസ്‌തുക്കള്‍ ഉള്ളില്‍ ചെന്നാല്‍ ചര്‍ദി, വയറിളക്കം, വയറ്റില്‍ അതികഠിനമായ വേദന എന്നിവയുണ്ടാകും. ചിലരില്‍ തലവേദന, തലകറക്കം, പനി, അടിവയറുവേദന, കാഴ്‌ചയ്‌ക്കു ബുദ്ധിമുട്ട്, മസിലുകളില്‍ കോച്ചിപ്പിടുത്തം, സാധാരണയില്‍ കവിഞ്ഞ ശ്വാസോച്‌ഛ്വാസം, ദാഹം, ശരീരം പൊള്ളുന്ന പോലുള്ള തോന്നല്‍ എന്നിവ അനുഭവപ്പെടും.
വിഷവസ്‌തു ഉള്ളില്‍ പോയാല്‍ എന്തുചെയ്യണം?
വിഷവസ്‌തു ഉള്ളില്‍ പോയ ആള്‍ പെട്ടെന്നു ബോധംകെടാം. അതിനു മുമ്പ് എന്താണ് ഉള്ളില്‍ചെന്നതെന്നു ചോദിച്ചു മനസിലാക്കാം. സമീപത്തുള്ള പാത്രങ്ങളും കുപ്പികളും ശ്രദ്ധിച്ചാല്‍ ഉള്ളില്‍ചെന്നതെന്താണെന്നു മനസിലാക്കാം. രോഗിയെ ഛര്‍ദിപ്പിക്കാന്‍ ശ്രമിക്കരുത്. സമയം കളയുമെന്നു മാത്രമല്ല, സ്‌ഥിതി കൂടുതല്‍ ഗുരുതരമാകാനും സാധ്യതയുണ്ട്. ബ്ലീച്ചിംഗ് പൗഡറോ ലോഷനോ ഉള്ളില്‍ ചെന്നാല്‍ അവയുടെ വീര്യം കുറയ്‌ക്കാന്‍ ധാരാളം വെള്ളമോ പാലോ കുടിക്കാന്‍ കൊടുക്കണം. ഒ.ആര്‍.എസ്. ലായനി കൊടുക്കുന്നതും ഉത്തമമാണ്.
കീടനാശിനികളുടെ കുപ്പിയുടെ പുറത്ത്, അവിചാരിതമായി ഇവ ഉള്ളില്‍ ചെന്നാല്‍ പ്രതിരോധമായി കഴിക്കേണ്ട വസ്‌തുക്കളുടെ പേര് എഴുതിയിട്ടുണ്ടാകും. അവ ഉണ്ടെങ്കില്‍ ഉടന്‍ കൊടുക്കണം.
ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ ഉള്ളില്‍ ചെന്ന വിഷവസ്‌തു കൂടി എടുക്കണം. ലബോറട്ടറിയില്‍ പരിശോധിച്ച് മറുമരുന്നു കണ്ടെത്താന്‍ ഇതു സഹായകമാകും.
അശ്രദ്ധയാണ് ഈ അപകടങ്ങളുടെ പ്രധാന കാരണം. അതിനാല്‍, അപകടം വന്നശേഷം വിഷമിക്കുന്നതിനു പകരം ചില മുന്‍ കരുതലുകളെടുക്കുന്നതാണ് എപ്പോഴും ഉചിതം.
കീടനാശിനി, ആസിഡ്, ഡെറ്റോള്‍, ബ്ലീച്ചിംഗ് പൗഡര്‍, മരുന്നുകള്‍ തുടങ്ങിയവ കുട്ടികള്‍ക്കു കൈയെത്താത്ത വിധം ഉയര്‍ന്ന സ്‌ഥലങ്ങളില്‍ സൂക്ഷിക്കണം. കഴിയുന്നതും ചെറിയ അലമാരകളിലോ കപ്‌ബോര്‍ഡുകളിലോ പൂട്ടിവയ്‌ക്കുന്നതാണ് ഉചിതം. മരുന്നുകള്‍ സൂക്ഷിക്കുന്നിടത്തുതന്നെ കീടനാശിനികളും ആസിഡും വയ്‌ക്കരുത്. മറ്റൊരിടത്തു മാറ്റി സൂക്ഷിക്കുക.
കീടനാശിനികള്‍, വളം, പെയ്‌ന്റ് തുടങ്ങിയവ കുട്ടികളെ സമീപം നിര്‍ത്തി കൈകാര്യം ചെയ്യരുത്. കണ്ണുതെറ്റിയാല്‍ കുഞ്ഞ് അവയെടുത്ത് വായിലിടാനുള്ള സാധ്യത ഏറെയാണ്. ഫ്രിഡ്‌ജില്‍ വെള്ളം വയ്‌ക്കുന്ന തരം ബോട്ടിലുകളില്‍ കീടനാശിനിയും മറ്റും വയ്‌ക്കരുത്. വെള്ളമാണെന്നു തെറ്റിദ്ധരിക്കാനിടയുണ്ട്.
മിഠായി എന്നു പറഞ്ഞ് മരുന്നുകള്‍ കുട്ടികള്‍ക്കു നല്‍കരുത്. മുതിര്‍ന്നവരുടെ മരുന്നും മിഠായി എന്ന ധാരണയില്‍ എടുത്തു കഴിക്കാന്‍ ഇത് ഇടവരുത്തും. കാലാവധി കഴിഞ്ഞ മരുന്നുകള്‍ വീട്ടില്‍ സൂക്ഷിക്കരുത്.
വിഷവസ്‌തുക്കള്‍ കൈകാര്യം ചെയ്‌തശേഷം ഇളം ചൂടുവെള്ളത്തില്‍ സോപ്പുപയോഗിച്ച് കൈ കഴുകിയശേഷമേ ആഹാരസാധനങ്ങള്‍ എടുക്കാവൂ.