മേയ് 24, 2012

പഴത്തൊലിയില്‍ നിന്ന് ഇനി ഔഷധങ്ങള്‍







ഹനോയ്: പശുക്കള്‍ക്ക് തിന്നാനുള്ളതാണെന്നു കരുതി ഇനി പഴത്തൊലി കളയണ്ട. നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഇതില്‍നിന്ന് വികസിപ്പിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍. ക്യൂബയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ബയോളജിക്കല്‍ ലാബിലെ ശാസ്ത്രജ്ഞരാണ് നേട്ടത്തിനു പിന്നില്‍. വിയറ്റ്നാം തലസ്ഥാനമായ ഹാനോയില്‍ ഇതിന്റെ പ്രദര്‍ശനം കഴിഞ്ഞദിവസം നടന്നത് ശാസ്ത്രലോകത്ത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കി.
ആസ്ത്മ, അനീമിയ, ബ്രോങ്കൈറ്റിസ്, വിറ്റാമിന്‍ തകരാറുകള്‍ എന്നീ രോഗങ്ങള്‍ക്കുള്ള വ്യത്യസ്ത മരുന്നുകളാണ് വാഴപ്പഴത്തൊലിയില്‍നിന്ന് വികസിപ്പിച്ചത്. ഇതിനുപുറമെ സമ്പൂര്‍ണ പോഷകമായി ഉപയോഗിക്കാവുന്ന ഫുഡ് സപ്ലിമെന്റും വികസിപ്പിച്ചിട്ടുണ്ട്.
കൂടുതല്‍ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുംശേഷം ഔഷധങ്ങള്‍ വിപണിയിലെത്തിക്കാമെന്നു കരുതുന്നതായി വിയറ്റ്നാം ശാസ്ത്രജ്ഞര്‍ പറഞ്ഞു. വാഴപ്പഴകൃഷി ക്യൂബയിലും വിയറ്റ്നാമിലും പ്രധാന വരുമാനമാര്‍ഗമാണ്. അതുകൊണ്ടുതന്നെ വാഴപ്പഴ ഉല്‍പന്നങ്ങള്‍ വൈവിധ്യവത്കരിക്കുന്നതിന് നിരവധി ഗവേഷണ പദ്ധതികള്‍ ഇവിടെ നടത്തുന്നുണ്ട്.