പാന്‍ മസാലയുടെ ഉപയോഗം വര്‍ധിച്ചു വരികയാണ്. പാന്‍മസാല ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നഅപകടങ്ങള്‍. മനുഷ്യബുദ്ധിക്കും ആരോഗ്യത്തിനും ഹാനികരമാകുന്ന പദാര്‍ത്ഥങ്ങളാണ് പന്‍മസാലയില്‍ അടങ്ങിയിരിക്കുന്നത്. വിദഗ്‌ദ്ധര്‍ക്ക് ഇതേപ്പറ്റി ഭിന്നാഭിപ്രായമാണുള്ളത്. കാരണം എന്താണ് ഇതിലടങ്ങിയിരിക്കുന്നത് എന്നതിനെപ്പറ്റി വ്യക്‌തമായ ഒരു പഠനം ഇതുവരെ ഔദ്യോഗികമായി നടന്നിട്ടില്ല. എങ്കിലും ചില പഠനങ്ങള്‍ നടന്നിട്ടുണ്ട്. പുകയില, അടയ്‌ക്ക, ചുണ്ണാമ്പ് എന്നീ വസ്‌തുക്കളാണ് പാന്‍മസാലയില്‍ മുഖ്യമായി അടങ്ങിയിരിക്കുന്നത്. ലഹരി കൂട്ടുവാനായി വിവിധ തരത്തിലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നു. വടക്കേ ഇന്ത്യയില്‍ കണ്ടുവരുന്ന ബാങ്ങ്, ഖയല്‍ പോലുള്ള മരങ്ങളുടെ കറ പാന്‍മസാല നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു. ഈ രണ്ടു മരുന്നുകളുടെയും കറ ശക്‌തിയേറിയ ലഹരി വസ്‌തുക്കളാണ്. കഞ്ചാവുപോലുള്ള മയക്കുമരുന്നുകള്‍ ഇതില്‍ ചേര്‍ക്കുന്നതായി സംശയിക്കുന്നു. സൂപ്പര്‍ഹിറ്റ്, സാറ്റ്വാറ്റ, പലാബ്, കമല, കാചന്‍, താര, പാന്‍കിംഗ്, ജൂബിലി, രാവിത്, രാജ്‌ദര്‍ബാര്‍, ഖുല്‍സി, ലെച്ചു, ഭാദ്‌ഷാ, ഗുബര്‍, ക്രേന്‍, വിമല്‍, പാന്‍പരാഗ്, വഹാബ്, മണിച്ചന്ദ് ഗുഡ്‌കാ, തുഫാന്‍, ഹാന്‍സ്, ശംഭുഖൈനി മോഹറ, മൈമിക്‌സ്, പെസ്‌പി, മധുഖൈനി, ജോഗര, ഗണേഷ് തുടങ്ങിയവയാണ് ഏതാനും ചില അപകടകാരികളായ പാന്‍മസാലകള്‍. ഇന്ത്യയില്‍ ഇവ വന്‍തോതില്‍ വിറ്റഴിയുന്നുണ്ട്. ലഹരി കൂടിയ പാന്‍മസാലകളാണിവ. കുട്ടികളെ ലക്ഷ്യമാക്കി ലഹരി കുറഞ്ഞ പാന്‍മസാലകളാണ് തുളസി, പാസ് പാസ്, നിജാപാക്, റോജാപാക് തുടങ്ങിയവ. ഇവരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി പാന്‍മസാലയുടെ പായ്‌ക്കറ്റ് വളരെ മനോഹരമായ വര്‍ണ്ണങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്നു.
ഉപയോഗിക്കുന്ന ആളെ തിരിച്ചറിയാന്‍
വളരെ ശ്രദ്ധാപൂര്‍വം വീക്ഷിച്ചാല്‍ തമ്പാക്ക് ഉപയോഗിക്കുന്നവരെ തിരിച്ചറിയാന്‍ സാധിക്കും. ഇവരുടെ വിയര്‍പ്പിന് രൂക്ഷ ഗന്ധമായിരിക്കും. ശംഭുഖൈനി ഉപയോഗിക്കുന്നവരില്‍ കുത്തിക്കുത്തിയുള്ള മണം കണ്ടുവരുന്നു. പല്ലിലെ കറ ഇത് ഉപയോഗിക്കുന്നതിന്റെ അടയാളമാണ്. വൃത്തിയില്ലായ്‌മ ഇതിന്റെ അടിമത്വത്തിന്റെ മറ്റൊരു ലക്ഷണമാണ്. പൊതുവേ ദേഷ്യമുള്ളവരും സ്വയം നിയന്ത്രിക്കാന്‍ സാധിക്കാത്തവരുമായിരിക്കും ഇവര്‍. ചുണ്ടില്‍ നേരിയ നിറവ്യത്യാസം കണ്ടാല്‍ ഇവര്‍ പാന്‍മസാലയ്‌ക്ക് അടിമയായിത്തുടങ്ങിയെന്ന് അനുമാനിക്കാം. ഇവരുടെ കണ്ണുകള്‍ ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ ആളിന്റെ കണ്ണുപോലെയായിരിക്കും.
പാന്‍മസാലയും കാന്‍സറും
പാന്‍മസാലയുടെ സ്‌ഥിരമായ ഉപയോഗം വായിലെ കാന്‍സര്‍ രോഗത്തിന് കാരണമാകുന്നു. പാന്‍മസാലയിലെ അസംസ്‌കൃത വസ്‌തുവായ അടയ്‌ക്കായിലുള്ള പ്രത്യേക രാസപദാര്‍ത്ഥമാണ് കാന്‍സറിനു കാരണമാകുന്നതെന്ന് രാസപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പുകയില പ്രത്യേക അനുപാതത്തില്‍ ഉള്‍പ്പെടുത്തുന്നതും പാന്‍മസാലയ്‌ക്ക് അടിമയാകുന്നതിനും തുടര്‍ന്ന് കാന്‍സറിനും കാരണമാകുന്നു. ചുണ്ണാമ്പ്, അടയ്‌ക്ക, പുകയില തുടങ്ങിയവയാണ് പാന്‍മസാലയിലെ മുഖ്യ അസംസ്‌കൃത വസ്‌തുക്കള്‍. ഇവ സ്‌ഥിരമായി ഉപയോഗിക്കുന്നവര്‍ സബ്‌മ്യൂക്കോസിസ് ഫൈബ്രോസിസ്, ലുക്കോസ്ലാക്കിയ, കാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് ഇരയാകുന്നു. അടയ്‌ക്കായിലുള്ള അരിക്കോളെന്‍, അരിക്കസോണിക്ക് ആസിഡ് തുടങ്ങിയ ഘടകങ്ങളാണ് സബ്‌മ്യൂക്കോസിസിനു കാരണമാകുന്നത്. കേരളത്തില്‍ പ്രതിമാസം 370 ക്വിന്റലിലധികം പാന്‍മസാലകള്‍ വിറ്റഴിയുന്നു എന്നതാണ് കണക്കുകള്‍.
പാന്‍മസാലയും മനോരോഗവും
പാന്‍മസാലയുടെ നിരന്തരമായ ഉപയോഗം മാനസികരോഗത്തിലേക്കുള്ള എളുപ്പവഴിയാണെന്ന് അറിയുക. ഇവരില്‍ പ്രകടമാകുന്ന മാറ്റങ്ങള്‍
മനോനിലമാറ്റം
ചില നേരങ്ങളില്‍ സന്തോഷവും മറ്റവസരങ്ങളില്‍ ദു:ഖവും ഉണ്ടാകുന്നു. അരിശം, ദു:ഖം, സന്തോഷം, നിരാശ, വെറുപ്പ് എന്നിവ മാറിമാറി പ്രകടമാകുന്നു. ശരിയായ തീരുമാനവും വ്യക്‌തമായ ധാരണയും ഉണ്ടായിരിക്കുകയില്ല. ഇവര്‍ രാവിലെ ഒരു തീരുമാനം എടുക്കുകയും ഉച്ചയാകുമ്പോള്‍ അത് മാറുകയും ചെയ്യുന്നു. അങ്ങനെ ഇവരുടെ ജീവിതത്തില്‍ അടുക്കും ചിട്ടയും ഇല്ലാതാകുന്നു. ഇവരില്‍ അമിതമായ അരിശവും പ്രകടമാണ്.
ഉറക്കമില്ലായ്‌മ
പാന്‍മസാല ഉപയോഗിക്കുന്നവരില്‍ കണ്ടുവരുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഉറക്കമില്ലായ്‌മ. തുടക്കത്തില്‍ ഈ പ്രശ്‌നം പ്രകടമല്ലെങ്കിലും ക്രമേണ ഉറക്കമില്ലാത്ത അവസ്‌ഥയിലേക്കു മാറുന്നു. നല്ല ഉറക്കം കിട്ടണമെന്ന ഉദേശ്യത്തോടെ ഉറക്കഗുളിക കഴിക്കുക, മദ്യം ഉപയോഗിക്കുക എന്നിവ ഇവര്‍ക്കിടയില്‍ സാധാരണമാണ്. ഉറക്കമില്ലായ്‌മ വരുമ്പോള്‍ രാത്രിയിലെ വിരസത അകറ്റാന്‍ പാന്‍മസാല ഉപയോഗിക്കുന്നവരില്‍ പുകവലിശീലം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുന്നു. ചിലര്‍ ഉറക്കമില്ലാത്തതിനാല്‍ രാത്രിയില്‍ ടി.വിയും ടേപ്പും ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിച്ച് മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കുന്നു.
സഹിഷ്‌ണുതക്കുറവ്
ക്ഷമ ഇല്ലാതാവുക, ശ്രദ്ധക്കുറവ്, മനസ് ഒരു സ്‌ഥലത്ത് കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക, മുതലായവയാണ് തമ്പാക്കിന്റെ അടിമത്വത്തിന്റെ ലക്ഷണങ്ങള്‍. മറ്റുള്ളവരുടെ ഉപദേശം, നിര്‍ദേശം എന്നിവ മനസിലാക്കാനുള്ള ക്ഷമ ഇവര്‍ കാണിക്കാറില്ല. ഇങ്ങനെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ ശ്രദ്ധിക്കാന്‍ സാധിക്കുകയില്ല. അടുത്തിരിക്കുന്നവരുടെ സംസാരം പോലും ഇവരെ സംബന്ധിച്ചിടത്തോളം സഹിക്കാനാവാത്തതാണ്. അതുകൊണ്ട് ഇതിന്റെ പേരില്‍ അടുത്തിരിക്കുന്നവരുമായി ശണ്‌ഠകൂടുകയും ചെയ്യുന്നു.
നിര്‍ബന്ധബുദ്ധി
പാന്‍മസാല ഉപയോഗിക്കുന്നവരില്‍ കണ്ടുവരുന്ന ഒരു പ്രത്യേകതയാണ് അനാവശ്യമായ നിര്‍ബന്ധബുദ്ധി. ഈ നിര്‍ബന്ധബുദ്ധി മനോരോഗത്തിന്റെ ലക്ഷണമാണ്. ഇവര്‍ എപ്പോഴും പണം ആവശ്യപ്പെടുക്കൊണ്ടിരിക്കും. തങ്ങളുടെ നിര്‍ബന്ധബുദ്ധിക്കെതിരു നില്‍ക്കുന്നവര്‍ ആരായാലും അവരോട് ദേഷ്യവും അമര്‍ഷവും പ്രകടിപ്പിക്കാന്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ല. തങ്ങളുടെ ഇഷ്‌ടങ്ങള്‍ക്ക് എതിരു നില്‍ക്കുമ്പോള്‍ സാധനങ്ങള്‍ നശിപ്പിക്കുക മറ്റേതെങ്കിലും തരത്തിലുള്ള നാശങ്ങള്‍ വരുത്തുക തുടങ്ങിയവ പാന്‍മസാല ഉപയോഗിക്കുന്നവരുടെ സ്വഭാവത്തിന്റെ പ്രത്യേകതയാണ്.
നശീകരണ വാസന
അരിശത്തെ നിയന്ത്രിക്കാനാവതെ സ്വയം വെറുത്ത് മറ്റുള്ളവരെ വെറുപ്പിച്ച് ജീവിക്കുന്ന ഇവര്‍ ഇഷ്‌ടമില്ലാത്തവയെ നശിപ്പിക്കാന്‍ തുടങ്ങും. അതുപോലെതന്നെ ബൈക്ക് അമിത വേഗത്തില്‍ ഓടിച്ച് അപകടം വരുത്തിവയ്‌ക്കുന്നതും ഇക്കൂട്ടരുടെ പ്രത്യേകതയാണ്. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുവാന്‍ വേണ്ടിയാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്.
ഞാന്‍ എന്ന ഭാവം
പാന്‍മസാല ഉപയോഗിക്കുന്നവര്‍ക്ക് ഞാന്‍ എന്ന ഭാവം കൂടുതലായിരിക്കും. മറ്റുള്ളവരുടെ മുന്‍പില്‍ സ്വന്തം കഴിവുകള്‍ വര്‍ണ്ണിക്കുന്നതില്‍ താല്‌്പര്യമുള്ളവരാണിവര്‍. തന്റെ വീരകൃത്യങ്ങള്‍ മറ്റുള്ളവരെ പറഞ്ഞുകേള്‍പ്പിക്കും. മറ്റുള്ളവരുടെ തെറ്റുകളെ പെരുപ്പിച്ചു കാണിക്കുകയും പരാജയങ്ങളില്‍ സന്തോഷിക്കും ചെയ്യുക എന്നിവ പാന്‍മസാലയ്‌ക്ക് അടിമപ്പെടുന്നവരുടെ സ്വഭാവമാണ്. മറ്റുള്ളവരെ അംഗീകരിക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ടാണ്. സാധാരണ ജനങ്ങള്‍ ഇക്കൂട്ടരുടെ സാന്നിദ്ധ്യം ഒഴിവാക്കാന്‍ ശ്രമിക്കുകയും അവരുടെ ഇടയില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിഞ്ഞുമാറുകയും ചെയ്യും. കാരണം ഇവരുടെ സംസാരം പലപ്പോഴും മറ്റുള്ളവര്‍ക്ക് ഇഷ്‌ടമായെന്നു വരില്ല.
നിരാശാബോധം
പാന്‍മസാല ഉപയോഗിച്ച് അടിമത്വത്തിലേക്കു വരുന്നതിന്റെ ലക്ഷണമാണ് അമിതമായ നിരാശാ ബോധം. ഉപയോഗം തുടങ്ങി മാസങ്ങള്‍ കഴിയുമ്പോള്‍ പാന്‍മസാലയില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്‌ഥയിലെത്തുന്നു. അപ്പോള്‍ മനസ് ആകെ അസ്വസ്‌ഥമാകുന്നു. താന്‍ ഇതിന് അടിമയായല്ലോയെന്ന ചിന്ത ഇവരില്‍ ഉടലെടുക്കുന്നു. മുഖത്ത് എപ്പോഴും ദു:ഖ ഭാവമായിരിക്കും. കുളി, ശുചിയായ വസ്‌ത്രധാരണം ഇവയില്‍ യാതൊരു ശ്രദ്ധയുമില്ലാതാകുന്നു. പഠനകാര്യങ്ങളില്‍ ഒരു താല്‌പര്യവുമുണ്ടാവില്ല. പഠിച്ചിട്ട് എന്തു നേടാന്‍ എന്ന ഭാവം ഇവരില്‍ ജനിക്കുന്നു.
ആത്മഹത്യാ ചിന്ത
പാന്‍മസാലയുടെ ഉപയോഗം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും അത് വ്യക്‌തിയെ നിരാശ ഭാവത്തിലേക്കും ക്രമേണ വിഷാദരോഗത്തിലേക്കും തള്ളിവിടുന്നു. ആരോടും മിണ്ടാതെ ഇവര്‍ തന്നിലേക്കുതന്നെ ഒതുങ്ങിക്കൂടുന്നു. ഇങ്ങനെയുള്ളവരില്‍ കണ്ടുവരുന്ന അപകടകരമായ പ്രവണതയാണ് ആത്മഹത്യ. ജീവിതത്തിന് യാതൊരു അര്‍ത്ഥവുമില്ലയെന്ന തെറ്റായ ചിന്തയാണ് ഇങ്ങനെയുള്ള പ്രവണത ഉണ്ടാകാന്‍ കാരണം.
ലൈംഗികശേഷിക്കുറവ്
പാന്‍മസാലയുടെ സ്‌ഥിരമായ ഉപയോഗം തലച്ചോറിനേയും കേന്ദ്രനാഡീവ്യൂഹത്തേയും സാരമായി ബാധിക്കുകയും പ്രവര്‍ത്തനശേഷി മന്ദീഭവിപ്പിക്കുകയും ചെയ്യും. ഈ ലഹരിവസ്‌തുവിന് അടിമപ്പെട്ടവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വിരസത, സ്‌ഖലനം നടക്കാന്‍ താമസം എന്നിവ അനുഭവപ്പെടുന്നു. പാന്‍മസാലയുടെ ഉപയോഗം വീണ്ടും തുടരുകയാണെങ്കില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ശക്‌തി നഷ്‌ടമാകുന്നു. മറ്റു ലഹരികള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന രതിമൂര്‍ഛക്കുറവ് എന്ന ലൈംഗിക വൈകല്യം പാന്‍മസാലയുപയോഗിക്കുന്നവരിലും കണ്ടുവരുന്നു.
വ്യക്‌തിത്വ വൈകല്യങ്ങള്‍
മറ്റുള്ളവരെ ഉപദ്രവിക്കുക, സമൂഹ്യതിന്മകള്‍ ചെയ്യുക, കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ കുറ്റബോധമില്ലാതിരിക്കുക, സ്വന്തം കടമകള്‍ മറക്കുക തുടങ്ങിയവ ഇവരില്‍ പ്രകടമാകുന്നു. ഇങ്ങനെ സ്വഭാവമുള്ളവര്‍ ആരെയും ബഹുമാനിക്കാന്‍ കൂട്ടാക്കില്ല. വ്യക്‌തിത്വവൈകല്യങ്ങള്‍ ഉള്ള ആളുകള്‍ കുടുംബത്തില്‍ നിന്നും അകന്നുജീവിക്കുന്നവരായിരിക്കും. സ്വന്തം ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ എന്തു ക്രൂരത കാട്ടുവാനും ഇവര്‍ മടിക്കില്ല.
ബിഖില ആന്‍ ഐസക്ക്