മേയ് 24, 2012

മാനസിക സമ്മര്‍ദ്ദത്തിനു ശ്വാസപരിശീലനം.


നാം ശ്വാസോച്ച്വാസം ചെയ്യുമ്പോള്‍ ശ്വാസം നമ്മുടെ
അടിവയറ്റില്‍ എത്തണം.നാം ശ്വാസം അകത്തേക്ക് എടുക്കുമ്പോള്‍ വയര്‍ മുഴുവനായി വികസിക്കണം.
ശ്വാസം പുറത്തേക്കു വിടുമ്പോള്‍ വയര്‍ ഉള്ളിലേക്ക്
നല്ലപോലെ ചുരുങ്ങണം. ഇരുന്നു കൊണ്ടുതന്നെ
ഈ ശ്വാസപരിശീലനം നടത്താം.
ആദ്യമായി നിവര്‍ന്നു ഇരിക്കുക.
കഴുത്ത് സ്വല്പം പുറകോട്ടു ചായ്ക്കുക .
എന്നിട്ട് മൂക്കിന്റെ വലതുവശത്ത് തള്ളവിരലും,
ഇടതുവശത്ത് ചൂണ്ടു വിരലും വെക്കുക.
തള്ളവിരലാല്‍ വലതു വശത്തെ
മൂക്കിന്റെ ദ്വാരം അമര്‍ത്തിയടക്കുക.
എന്നിട്ട് ശ്വാസം ഉള്ളിലേക്ക് വലിക്കുക.
കഴിയുന്നത്ര ശക്തിയായി തന്നെ ശ്വാസം വലിക്കുക .
ശേഷം ഇടതു മൂക്കിന്റെ ദ്വാരം ചൂണ്ടു വിരലാല്‍
അടച്ചു,ശ്വാസം സാവധാനം വലതു മൂക്കില്‍ കൂടി വിടുക.ആദ്യം രണ്ടോമൂന്നോ തവണ
ഇങ്ങനെ ശ്വാസം വലിച്ചുവിടുക.
ചുമവന്നാലും ഭയപ്പെടേണ്ട. പയ്യെ പയ്യെ ഏഴുതവണ ശ്വാസം വലിച്ചു വിടുക.(ഇതിനു ഒരു നിമിഷം വേണ്ടിവരും) രാവിലെയും വൈകീട്ടും ഈ ശ്വാസ പരിശീലനം
നടത്തുന്നത് അത്യുത്തമം ആണ് .
മാനസിക പിരിമുറുക്കമുള്ളവര്‍ മൂന്നും നാലും തവണ
ഇത് ചെയ്യാവുന്നതാണ്.
രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ഇത് നല്ലതാണ്‌.
നാടീസ്പന്ദനങ്ങളെ സന്തുലിതമാക്കുന്നു.
ആര്‍ത്തവസംഭന്ധിയായ ക്രമക്കേടുകള്‍ മാറുന്നു.
സ്ത്രീകളിലെ പല ശാരീരികന്യുനതകളും അകറ്റുന്നു.

മൂത്രാശയ, സ്തന അര്‍ബുദത്തിന് പിന്നിലെ ജീന്‍ കണ്ടെത്തി







ലണ്ടന്‍: സ്ത്രീകളില്‍ സ്തനാര്‍ബുദവും പുരുഷന്മാരില്‍ മൂത്രാശയ കാന്‍സറും വരാന്‍ നാലിരട്ടി സാധ്യതയുള്ളതുമായ ജീന്‍ ഇംഗ്ളണ്ടിലെ ശാസ്ത്രലോകം കണ്ടെത്തി. പുരുഷ പ്രത്യുല്‍പാദന അവയവ ഗ്രന്ഥികളില്‍ മുഴയുണ്ടാകാന്‍ കാരണവും ഇതേ ജീനുകളാണെന്നു മുമ്പ് കണ്ടെത്തിയിരുന്നു. ഇംഗ്ളണ്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടും റോയല്‍ മാര്‍സന്‍ എന്‍.എച്ച്.എസ് ഫൗണ്ടേഷന്‍ ട്രസ്റ്റും സംയുക്തമായി നടത്തിയ പഠനത്തിലാണ് അര്‍ബുദ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനു കാരണമാകുന്ന പുതിയ കണ്ടുപിടിത്തം. ബി.ആര്‍.സി.എ വണ്‍ എന്നു പേരിട്ട ജീനിന്റെ പ്രവര്‍ത്തനം മൂലം 65 വയസ്സെത്തിയ പുരുഷന്മാരില്‍ 11 ശതമാനം മൂത്രാശയ കാന്‍സറിന് സാധ്യത കൂടുതലാണെന്നും പഠനം വെളിപ്പെടുത്തുന്നു.
ഇതേ ജീന്‍ സ്തനാര്‍ബുധ സാധ്യത അഞ്ചിരട്ടി വര്‍ധിപ്പിക്കുന്നു. ആരോഗ്യവതികളായ സ്ത്രീകളെക്കാള്‍ മറ്റുള്ളവരില്‍ രോഗസാധ്യത കൂടുതലാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരില്‍ നടത്തിയ പഠനത്തില്‍, ബി.ആര്‍.സി.എ വണ്‍ ജീന്‍ വാഹകരായവരുടെ ആരോഗ്യവും കുടുംബ പശ്ചാത്തലവും ജീവിതചര്യയും രോഗത്തിനു കാരണമാകുന്നുണ്ട്.

സുഖനിദ്രക്ക് ചെറിപ്പഴങ്ങള്‍....








ഒന്ന് നന്നായി ഉറങ്ങണംന്ന് വല്ലാതെ കൊതിക്കുന്നവരാണോ നിങ്ങള്‍..അതിനൊരു പുതിയ വഴിയുമായാണ് അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകര്‍ എത്തിയിരിക്കുന്നത്. ചെറിപഴമാണ് ഉറക്കത്തിനുള്ള ഒറ്റമുലി. ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റിനിന്‍ എന്ന ഹോര്‍മോണ്‍ ചെറിപഴങ്ങളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍.

ഉണക്കിയ ചെറി പഴങ്ങളില്‍ മെലാറ്റിനിന്റെ അളവ് സാധാരണയിലും കുടുതലാണത്രെ. ചെറിപഴം ഉറക്കമില്ലായ്മക്ക് പരിഹാരമാകുമെന്നതിനാല്‍ ഇതില്‍ നിന്നും ക്യാപ്സൂളുകള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ഉറക്കത്തിനായി ഉപയോഗിക്കുന്ന മരുന്നുകള്‍ പൊണ്ണത്തടിക്കും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുമെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ പുതിയ കണ്ടെത്തലിന് ഏറെ പ്രാധാന്യമുണ്ട്.

പഴത്തൊലിയില്‍ നിന്ന് ഇനി ഔഷധങ്ങള്‍







ഹനോയ്: പശുക്കള്‍ക്ക് തിന്നാനുള്ളതാണെന്നു കരുതി ഇനി പഴത്തൊലി കളയണ്ട. നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഇതില്‍നിന്ന് വികസിപ്പിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍. ക്യൂബയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ബയോളജിക്കല്‍ ലാബിലെ ശാസ്ത്രജ്ഞരാണ് നേട്ടത്തിനു പിന്നില്‍. വിയറ്റ്നാം തലസ്ഥാനമായ ഹാനോയില്‍ ഇതിന്റെ പ്രദര്‍ശനം കഴിഞ്ഞദിവസം നടന്നത് ശാസ്ത്രലോകത്ത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കി.
ആസ്ത്മ, അനീമിയ, ബ്രോങ്കൈറ്റിസ്, വിറ്റാമിന്‍ തകരാറുകള്‍ എന്നീ രോഗങ്ങള്‍ക്കുള്ള വ്യത്യസ്ത മരുന്നുകളാണ് വാഴപ്പഴത്തൊലിയില്‍നിന്ന് വികസിപ്പിച്ചത്. ഇതിനുപുറമെ സമ്പൂര്‍ണ പോഷകമായി ഉപയോഗിക്കാവുന്ന ഫുഡ് സപ്ലിമെന്റും വികസിപ്പിച്ചിട്ടുണ്ട്.
കൂടുതല്‍ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുംശേഷം ഔഷധങ്ങള്‍ വിപണിയിലെത്തിക്കാമെന്നു കരുതുന്നതായി വിയറ്റ്നാം ശാസ്ത്രജ്ഞര്‍ പറഞ്ഞു. വാഴപ്പഴകൃഷി ക്യൂബയിലും വിയറ്റ്നാമിലും പ്രധാന വരുമാനമാര്‍ഗമാണ്. അതുകൊണ്ടുതന്നെ വാഴപ്പഴ ഉല്‍പന്നങ്ങള്‍ വൈവിധ്യവത്കരിക്കുന്നതിന് നിരവധി ഗവേഷണ പദ്ധതികള്‍ ഇവിടെ നടത്തുന്നുണ്ട്.

മേയ് 12, 2012

വിഷബാധയേറ്റാല്‍ വിഷമിക്കേണ്ട‍






ഉള്ളില്‍ ചെന്നാല്‍ അപകടം വരുത്തുന്ന ഒട്ടേറെ വസ്‌തുക്കള്‍ വീടുകളിലുണ്ട്‌. സോപ്പുപൊടി, ഡെറ്റോള്‍, ബ്ലീച്ചിംഗ്‌ പൗഡര്‍, ആസിഡുകള്‍, കീടനാശിനി, ലോഷന്‍ തുടങ്ങിയവ ഉദാഹരണം. മാതാപിതാക്കളുടെ അശ്രദ്ധമൂലം കുട്ടികള്‍ ഇവയെടുത്തു കഴിച്ച്‌ അപകടം വരുത്തുന്നതു സാധാരണമാണ്‌.

വിഷ, രാസവസ്‌തുക്കള്‍ ഉള്ളില്‍ ചെന്നാല്‍ ചര്‍ദി, വയറിളക്കം, വയറ്റില്‍ അതികഠിനമായ വേദന എന്നിവയുണ്ടാകും. ചിലരില്‍ തലവേദന, തലകറക്കം, പനി, അടിവയറുവേദന, കാഴ്‌ചയ്‌ക്കു ബുദ്ധിമുട്ട്‌, മസിലുകളില്‍ കോച്ചിപ്പിടുത്തം, സാധാരണയില്‍ കവിഞ്ഞ ശ്വാസോച്‌ഛ്വാസം, ദാഹം, ശരീരം പൊള്ളുന്ന പോലുള്ള തോന്നല്‍ എന്നിവ അനുഭവപ്പെടും.

വിഷവസ്‌തു ഉള്ളില്‍ പോയാല്‍ എന്തുചെയ്യണം?

വിഷവസ്‌തു ഉള്ളില്‍ പോയ ആള്‍ പെട്ടെന്നു ബോധംകെടാം. അതിനു മുമ്പ്‌ എന്താണ്‌ ഉള്ളില്‍ചെന്നതെന്നു ചോദിച്ചു മനസിലാക്കാം. സമീപത്തുള്ള പാത്രങ്ങളും കുപ്പികളും ശ്രദ്ധിച്ചാല്‍ ഉള്ളില്‍ചെന്നതെന്താണെന്നു മനസിലാക്കാം. രോഗിയെ ഛര്‍ദിപ്പിക്കാന്‍ ശ്രമിക്കരുത്‌. സമയം കളയുമെന്നു മാത്രമല്ല, സ്‌ഥിതി കൂടുതല്‍ ഗുരുതരമാകാനും സാധ്യതയുണ്ട്‌. ബ്ലീച്ചിംഗ്‌ പൗഡറോ ലോഷനോ ഉള്ളില്‍ ചെന്നാല്‍ അവയുടെ വീര്യം കുറയ്‌ക്കാന്‍ ധാരാളം വെള്ളമോ പാലോ കുടിക്കാന്‍ കൊടുക്കണം. ഒ.ആര്‍.എസ്‌. ലായനി കൊടുക്കുന്നതും ഉത്തമമാണ്‌.

കീടനാശിനികളുടെ കുപ്പിയുടെ പുറത്ത്‌, അവിചാരിതമായി ഇവ ഉള്ളില്‍ ചെന്നാല്‍ പ്രതിരോധമായി കഴിക്കേണ്ട വസ്‌തുക്കളുടെ പേര്‌ എഴുതിയിട്ടുണ്ടാകും. അവ ഉണ്ടെങ്കില്‍ ഉടന്‍ കൊടുക്കണം.

ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ ഉള്ളില്‍ ചെന്ന വിഷവസ്‌തു കൂടി എടുക്കണം. ലബോറട്ടറിയില്‍ പരിശോധിച്ച്‌ മറുമരുന്നു കണ്ടെത്താന്‍ ഇതു സഹായകമാകും.

അശ്രദ്ധയാണ്‌ ഈ അപകടങ്ങളുടെ പ്രധാന കാരണം. അതിനാല്‍, അപകടം വന്നശേഷം വിഷമിക്കുന്നതിനു പകരം ചില മുന്‍ കരുതലുകളെടുക്കുന്നതാണ്‌ എപ്പോഴും ഉചിതം.

കീടനാശിനി, ആസിഡ്‌, ഡെറ്റോള്‍, ബ്ലീച്ചിംഗ്‌ പൗഡര്‍, മരുന്നുകള്‍ തുടങ്ങിയവ കുട്ടികള്‍ക്കു കൈയെത്താത്ത വിധം ഉയര്‍ന്ന സ്‌ഥലങ്ങളില്‍ സൂക്ഷിക്കണം. കഴിയുന്നതും ചെറിയ അലമാരകളിലോ കപ്‌ബോര്‍ഡുകളിലോ പൂട്ടിവയ്‌ക്കുന്നതാണ്‌ ഉചിതം. മരുന്നുകള്‍ സൂക്ഷിക്കുന്നിടത്തുതന്നെ കീടനാശിനികളും ആസിഡും വയ്‌ക്കരുത്‌. മറ്റൊരിടത്തു മാറ്റി സൂക്ഷിക്കുക.

കീടനാശിനികള്‍, വളം, പെയ്‌ന്റ് തുടങ്ങിയവ കുട്ടികളെ സമീപം നിര്‍ത്തി കൈകാര്യം ചെയ്യരുത്‌. കണ്ണുതെറ്റിയാല്‍ കുഞ്ഞ്‌ അവയെടുത്ത്‌ വായിലിടാനുള്ള സാധ്യത ഏറെയാണ്‌. ഫ്രിഡ്‌ജില്‍ വെള്ളം വയ്‌ക്കുന്ന തരം ബോട്ടിലുകളില്‍ കീടനാശിനിയും മറ്റും വയ്‌ക്കരുത്‌. വെള്ളമാണെന്നു തെറ്റിദ്ധരിക്കാനിടയുണ്ട്‌.

മിഠായി എന്നു പറഞ്ഞ്‌ മരുന്നുകള്‍ കുട്ടികള്‍ക്കു നല്‍കരുത്‌. മുതിര്‍ന്നവരുടെ മരുന്നും മിഠായി എന്ന ധാരണയില്‍ എടുത്തു കഴിക്കാന്‍ ഇത്‌ ഇടവരുത്തും. കാലാവധി കഴിഞ്ഞ മരുന്നുകള്‍ വീട്ടില്‍ സൂക്ഷിക്കരുത്‌.

വിഷവസ്‌തുക്കള്‍ കൈകാര്യം ചെയ്‌തശേഷം ഇളം ചൂടുവെള്ളത്തില്‍ സോപ്പുപയോഗിച്ച്‌ കൈ കഴുകിയശേഷമേ ആഹാരസാധനങ്ങള്‍ എടുക്കാവൂ.

ഏപ്രിൽ 23, 2012

ഒഴിഞ്ഞവയറും നിറഞ്ഞവയറും






'വിശന്ന കിളി ധാന്യമണികളെ സ്വപ്നംകാണുന്നു; വിശപ്പുമാറിയ കിളി ഇണയെയും' എന്ന് ഇംഗ്ളീഷിലൊരു പഴഞ്ചൊല്ലുണ്ട്. പഴഞ്ചൊല്ലിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അതില്‍നിന്ന് പ്രസരിക്കുന്ന സത്യം ഇന്നും പ്രസക്തമാണ്. മലയാളിയുടെ സദാചാര അപചയത്തിന്റെ വേരുകള്‍ ഒരുപക്ഷേ, ഈ ചൊല്ലില്‍ കണ്ടെത്താനാവും. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നം വിശപ്പുള്ളവനല്ല മറിച്ച്, ഒട്ടും വിശപ്പില്ലാത്ത, എപ്പോഴും വയര്‍നിറഞ്ഞിരിക്കുന്ന ഒരു ജനത സൃഷ്ടിക്കുന്നതല്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
വയര്‍നിറയുമ്പോള്‍ ഏതൊരു ജീവിക്കും ആലസ്യംബാധിക്കും. മനസ്സിന് ഉണര്‍വ് നഷ്ടപ്പെടും. ഒരുവേള ഉറക്കത്തിലേക്ക് വഴുതിവീഴും. ശരീരശാസ്ത്രപരമായി നോക്കിയാല്‍ ഈ പ്രതിഭാസത്തിന് ന്യായീകരണവുമുണ്ട്. നിറഞ്ഞുകവിഞ്ഞ ഭക്ഷണം ദഹിപ്പിക്കുന്നതിനായി ഉദരത്തിലേക്ക് കൂടുതല്‍ രക്തം ആവശ്യമായിവരുന്നു. ഇതാകട്ടെ, തലച്ചോറിലേക്കും ഹൃദയത്തിലേക്കുമൊക്കെ പോകുന്ന രക്തത്തില്‍നിന്നാണ് കടമെടുക്കുന്നത്. അപ്പോള്‍ തലച്ചോറിന്റെയും ശരീരത്തിന്റെയും പ്രവര്‍ത്തനപരത കുറയുകയും വ്യക്തി അല്ലെങ്കില്‍ മൃഗം അലസനായിമാറുകയും ചെയ്യുന്നു.
നേരെമറിച്ച്, വിശക്കുന്നവന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ് ചെയ്യുന്നത്. ഏതുജീവിയുടെ കാര്യത്തിലും ഈ തത്ത്വം ബാധകമാണ്. ഒഴിഞ്ഞ വയറുള്ളവന്റെ തലച്ചോര്‍ ഉണര്‍വിന്റെ അവസ്ഥയിലായിരിക്കും.
കവിയും കലാകാരനും സാഹിത്യകാരനും രാഷ്ട്രീയക്കാരനുമൊക്കെ താന്താങ്ങളുടെ പട്ടിണിക്കാലത്ത് നടത്തിയ മികച്ച സൃഷ്ടികളുടെ നിലവാരം പില്‍ക്കാലത്ത് സമ്പന്നതയില്‍ അഭിരമിച്ചപ്പോള്‍ തുടരാനാവാതെപോയത് ഇതുകൊണ്ടായിരിക്കാം. നമ്മുടെ പല സംഗീതജ്ഞരും ചിത്രകാരന്മാരും സാഹിത്യകാരന്മാരും മേത്തരം സൃഷ്ടികള്‍ ചെയ്തത് തങ്ങളുടെ ദാരിദ്യ്രകാലത്തായിരുന്നു എന്നത് ഒരു ചരിത്രസത്യമാണ്.
ധൈഷണികതക്ക് ദാരിദ്യ്രവും ഒഴിഞ്ഞവയറും ഒരു പരിധിവരെ പ്രേരകശക്തികളാവുമ്പോള്‍ സമ്പന്നതയും നിറഞ്ഞവയറും ഒരു വ്യക്തിയുടെ ബൗദ്ധികതയെയും ധിഷണയെയും ക്ഷീണിപ്പിക്കുകയാണ് ചെയ്യുന്നത്.
ഭക്ഷണംകഴിക്കുന്നതിന് പല തലങ്ങളോ അവസ്ഥകളോ ഉണ്ട്. വിശപ്പുമാറാന്‍വേണ്ടി മാത്രം ആഹാരംകഴിക്കുന്നവന്‍ തന്റെ ധൈഷണികതയെ വലിയതോതില്‍ ശിക്ഷിക്കുന്നില്ല. എന്നാല്‍, വിശപ്പുമാറ്റുന്നതിനപ്പുറം തിന്നാന്‍ വേണ്ടിമാത്രം ജീവിക്കുന്നവന്‍ അതിനേല്‍പ്പിക്കുന്ന ക്ഷതം ചെറുതല്ല. ബുദ്ധിപരതയില്‍നിന്ന് ശരീരാവശതയിലേക്ക് അവന്‍ മാറിചവിട്ടുന്നു. അവനായി അനേകം ശാരീരികപ്രശ്നങ്ങള്‍ വഴിയോരത്ത് ഒളിഞ്ഞും തെളിഞ്ഞും കാത്തിരിക്കുന്നു എന്നകാര്യം മറന്നുകൂടാ. അമിതഭക്ഷണം വ്യക്തിയില്‍ സൃഷ്ടിക്കുന്ന വന്‍ദുരന്തം, അവന്‍ പലതരം ഭോഗേച്ഛകളിലേക്കും നയിക്കപ്പെടുന്നു എന്നതുതന്നെയാണ്.
അവന് ധൈഷണികതയും ബുദ്ധിപരതയും പ്രസംഗത്തിലേയുള്ളൂ, പ്രയോഗത്തിലില്ല. ഇവിടത്തെ യാചകര്‍പോലും വിശപ്പറിയുന്നില്ല.
തനിക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ സന്തോഷം ലഭിക്കുന്ന തരത്തില്‍ ജീവിക്കുക എന്ന രീതിയില്‍ നിന്ന് മലയാളി അകന്നുപോകാന്‍ തുടങ്ങിയിട്ട് കാലമേറെക്കഴിഞ്ഞു. പകരം തനിക്കുമാത്രം സുഖദായകമായ രീതിശാസ്ത്രം അവന്‍ സ്വായത്തമാക്കിയിരിക്കുന്നു-അത് അപരന് അങ്ങേയറ്റം അസുഖകരമാണെങ്കില്‍ക്കൂടി.
ലളിതമായി പറഞ്ഞാല്‍ കേരളത്തില്‍ ഉയര്‍ന്നു വരുന്ന ലൈംഗിക ചൂഷണങ്ങള്‍, പിഡനങ്ങള്‍, ലൈംഗികമായ അമിതാവേശം എന്നിവയെല്ലാം വ്യക്തിതലത്തില്‍ വര്‍ധിച്ചുവരുന്ന ആസക്തികളുടെയും അലോസരങ്ങളുടെയും ബഹിര്‍സ്ഫുരണങ്ങളാണ്.
ധനം പലവിധത്തില്‍ അധികരിക്കുമ്പോഴാണ് പുതിയ സാമൂഹികരീതികള്‍ നിലവില്‍വരുന്നത്. സമ്പത്താര്‍ജിക്കാനും മക്കളെ അതിസുഖലോലുപതയില്‍ വളര്‍ത്താനും ആഗ്രഹിക്കുന്നവന്‍ സത്യത്തില്‍ അടുത്ത തലമുറയെ ബുദ്ധിപരമായ പാപ്പരത്തത്തിലേക്കും ആത്മീയ ദാരിദ്യ്രത്തിലേക്കുമാണ് നയിക്കുന്നത്.
തൊഴില്‍വിഭജനം ശാരീരിക അധ്വാനം ആവശ്യമുള്ളതും ബൗദ്ധികതമാത്രംവേണ്ടതും എന്ന തരത്തിലാകുന്നത് വളരെ അപകടകരമാണെന്ന് മുന്‍കൂട്ടി കാണാനുള്ള ക്രാന്തദര്‍ശനം ഗാന്ധിജിക്കുമാത്രമേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ തൊഴില്‍പരമായ കപടമാന്യത കാണുമ്പോള്‍, ശരിയായ തൊഴില്‍സംസ്കാരത്തില്‍ മേല്‍പറഞ്ഞ രണ്ടിന്റെയും സമതുലിത സമ്മേളനം ഉണ്ടായിരുന്നുവെങ്കില്‍ എന്നാശിച്ചുപോകുക സ്വാഭാവികം.

പുകവലി എച്ച്1 എന്‍ 1 സാധ്യത വര്‍ധിപ്പിക്കുന്നു






തിരുവനന്തപുരം: എച്ച് 1 എന്‍ 1 പനിയില്‍നിന്ന് രക്ഷനേടാന്‍ പുകവലിക്കാര്‍ അത് ഉപേക്ഷിക്കണമെന്ന് പഠനം. പുകവലി മൂലം ശരീരത്തിന്‍െറ പ്രതിരോധശേഷി കുറയുന്നത് വൈറസും ബാക്ടീരിയയും ബാധിക്കാന്‍ ഇടയാക്കും.
എച്ച് 1 എന്‍ 1 നെതിരെ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ള കേരളത്തില്‍ പ്രായപൂര്‍ത്തിയായവരില്‍ 13.4 ശതമാനവും സിഗററ്റോ ബീഡിയോ ഉപയോഗിക്കുന്നവരാണെന്ന് 2009-10ല്‍ നടത്തിയ ആഗോള ടുബാക്കൊ സര്‍വേ പറയുന്നു. ആരോഗ്യവകുപ്പിന്‍െറ കണക്കുകളനുസരിച്ച് സംസ്ഥാനത്ത് 3112 എച്ച് 1 എന്‍ 1 കേസുകളാണ് 2009 ലും 2010ലും റിപ്പോര്‍ട്ടു ചെയ്തത്. ഇതില്‍ 121 പേര്‍ മരിച്ചു. 2009 ആഗസ്റ്റ് 13 ലെ കണക്കനുസരിച്ച് ലോകാരോഗ്യ സംഘടന 1,82,166 എച്ച് 1 എന്‍ 1 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 178 രാജ്യങ്ങളിലായി 1799 പേരാണ് മരിച്ചത്.
ഈ വൈറസ് ബാധയുണ്ടായവര്‍ ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോഴാണ് അന്തരീക്ഷത്തില്‍ ഇത് വ്യാപിക്കുന്നത്. വൈറസുള്ള ഏതെങ്കിലും പ്രതലത്തില്‍ സ്പര്‍ശിക്കുകയും അതിലൂടെ മൂക്കിലോ വായിലോ വൈറസ് എത്തുകയും ചെയ്താലും രോഗബാധയുണ്ടാകും. വൈറസ് ശരീരത്തിലെത്തിയാല്‍ ഒന്നു മുതല്‍ ഏഴുവരെ ദിവസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും. പനി, തലവേദന, ശരീരവേദന, ക്ഷീണം, വയറിളക്കം, ഛര്‍ദി എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍.
ന്യൂ ഇംഗ്ളണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ 1982ല്‍ പുകവലിയും ഫ്ളൂബാധയും തമ്മിലെ ബന്ധം സ്ഥിരീകരിച്ചിരുന്നു. രോഗാവസ്ഥ സൃഷ്ടിക്കുന്നതില്‍ പുകവലിക്ക് ഗണ്യമായ സ്വാധീനമുണ്ടെന്നും കടുത്ത പുകവലിക്കാരെ തീര്‍ത്തും അവശരാക്കാന്‍ ഈ രോഗത്തിന് കഴിയുമെന്നുമായിരുന്നു നിഗമനം. ‘യുവാക്കളില്‍ എച്ച് 1 എന്‍ 1 അപകടം സൃഷ്ടിക്കുന്നതില്‍ പുകവലിയുടെ പങ്ക്’ എന്ന പേരില്‍ ഇസ്രയേലിലെ 336 അരോഗദൃഢഗാത്രരെ പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്. 168 പുകവലിക്കാരില്‍ 68.5 ശതമാനത്തിനും ഫ്ളൂ ബാധയുണ്ടായപ്പോള്‍ പുകവലി ശീലമില്ലാത്തവരില്‍ 47.2 ശതമാനം മാത്രമെ രോഗബാധിതരായുള്ളു. രോഗബാധ ഗുരുതരമായതും പുകവലിക്കുന്നവരിലായിരുന്നു. 50.6 ശതമാനം ജോലിക്കുപോലും പോകാനാവാതെ കിടപ്പിലായപ്പോള്‍ പുകവലിക്കാത്തവരില്‍ 30.1 ശതമാനത്തിനുമാത്രമെ ഈ സ്ഥിതിയുണ്ടായുള്ളൂ.
ചെന്നൈയില്‍ 2009 ആഗസ്റ്റ് മുതല്‍ 2010 ജനുവരി വരെ നടത്തിയ മറ്റൊരു പഠനവും സമാന ഫലങ്ങളാണ് നല്‍കുന്നത്. എച്ച് 1 എന്‍ 1 ബാധിതരായ 442 പേരെ പഠനവിധേയരാക്കിയപ്പോള്‍ അതില്‍ എട്ടു ശതമാനം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കാരണമായത് പുകവലിയായിരുന്നു. പഠനത്തിന്‍െറ വിശദാംശങ്ങള്‍ ജേണല്‍ ഓഫ് ദ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുകവലിക്കുന്നവരില്‍ രോഗബാധക്കുള്ള സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കിയ സംസ്ഥാന ആരോഗ്യ അഡീഷനല്‍ ഡയറക്ടര്‍ ഡോ. എന്‍. ശ്രീധര്‍ അതിന്‍െറ കാരണവും വിശദീകരിച്ചു. പുകവലി ശ്വാസനാളത്തിന്‍െറ ഘടനയില്‍ മാറ്റംവരുത്തുന്നതിനാല്‍ രോഗബാധിതരില്‍ പ്രതിരോധശേഷി കുറയും. ഈ സാഹചര്യത്തിലാണ് ബാക്ടീരിയയോ വൈറസോ ബാധിക്കുമ്പോള്‍ അപകടകരമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 22, 2012

ഓര്‍മ്മശക്തിക്ക് പാല്‍







പാല്‍ പതിവായി കുടിക്കേണ്ടത് കുട്ടികള്‍ മാത്രമാണ് എന്നാണ് പൊതുവെയുള്ള ധാരണ. ഇതു തിരുത്താന്‍ സമയമായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പാല്‍ ഒരു പോലെ ഗുണം ചെയ്‌യും.ദിവസവും ഓരോ ഗ്ലാസ് പാല്‍ കുടിക്കുന്നത് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുമത്രേ. കൊഴുപ്പു കുറഞ്ഞ പാല്‍ കുടിക്കുന്നതുമൂലം ആവശ്യമായ പോഷണങ്ങള്‍ ലഭിക്കുക മാത്രമല്ല, നമ്മുടെ മാനസിക നിലയ്ക്കും തലചേ്ചാറിന്‍െറ പ്രവര്‍ത്തനത്തിനും അത് ഗുണം ചെയ്‌യുമെന്ന് വിദഗ്ധര്‍.പാലും പാലുല്പ്പന്നങ്ങളും ധാരാളമായി കഴിക്കുന്ന മുതിര്‍ന്നവര്‍, പാലു കുടിക്കാത്തവരെക്കാള്‍ ഓര്‍മശക്തിയിലും തലചേ്ചാറിന്‍െറ പ്രവര്‍ത്തന പരീക്ഷകളിലും മികച്ചു നിന്നു. പാലു കുടിക്കുന്നവര്‍ പരീക്ഷകളില്‍ തോല്ക്കാനുള്ള സാധ്യത അഞ്ചിരട്ടി കുറവാണെന്നു കണ്ടു.23 നും 98 നും ഇടയില്‍ പ്രായമുള്ള സ്ത്രീപുരുഷന്മാരെ തുടര്‍ച്ചയായി വിവിധ മസ്തിഷ്ക പരീക്ഷകള്‍ക്കു വിധയേമാക്കി.ദൃശ്യപരീക്ഷകള്‍, ഓര്‍മശക്തി പരീക്ഷകള്‍, വാചാ പരീക്ഷകള്‍ എന്നിവ നടത്തി. ഇതോടൊപ്പം ഇവരുടെ പാലുപയോഗിക്കുന്ന ശീലങ്ങളും രേഖപ്പെടുത്തി.പ്രായഭേദമെന്യെ നടത്തിയ എട്ട് വ്യത്യസ്ത പരീക്ഷണങ്ങളിലും മാനസിക ശേഷി പ്രകടനങ്ങളിലും, ദിവസം ഒരു ഗ്ലാസ് പാല്‍ എങ്കിലും കുടിക്കുന്നവര്‍ക്ക് നേട്ടമുണ്ടായതായി കണ്ടു.എട്ടു പരീക്ഷകളിലും കൂടുതല്‍ സ്‌കോര്‍ നേടിയവര്‍, പാലും പാലുല്പന്നങ്ങളും ധാരാളമായി ഉപയോഗിക്കുന്നവരാണെന്നു തെളിഞ്ഞു.ഹൃദയാരോഗ്യം, ഭക്ഷണം. ജീവിതശൈലി മുതലായ തലചേ്ചാറിന്‍െറ ആരോഗ്യത്തെ ബാധിക്കുന്ന മറ്റു ഘടകങ്ങളെ നിയന്ത്രിച്ചിട്ടും ഗുണഫലങ്ങള്‍ തുടര്‍ന്നും കാണപ്പെട്ടു.പാലുകുടിക്കുന്നവര്‍ പൊതുവെ ആരോഗ്യ ഭക്ഷണം ശീലമാക്കിയവരാണെങ്കിലും പാലു കുടിക്കുന്നതു തലചേ്ചാറിന്‍െറ ആരോഗ്യത്തിനു ഗുണം ചെയ്‌യും എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.എല്ലുകളുടെയും ഹൃദയത്തിന്‍െറയും ആരോഗ്യത്തിന് പാല്‍ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രായം കൂടുന്തോറും മാനസികനിലയിലുണ്ടാകുന്ന തകര്‍ച്ചയെ തടയാനും പാല്‍ സഹായിക്കുന്നു എന്നത് പുതിയ അറിവാണ്.ഈ രംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെങ്കിലും പാലിലടങ്ങിയ പോഷണങ്ങള്‍ തലചേ്ചാറിന്‍െറ പ്രവര്‍ത്തനത്തെ നേരിട്ടു ബാധിക്കുന്നു എന്ന് ഗവേഷകര്‍. ജീവിത ശൈലിയില്‍ മാറ്റം വരുത്തിക്കൊണ്ട് നാഢീമനോവൈകല്യങ്ങളെ കുറയ്ക്കുകയോ തടയുകയോ ചെയ്‌യാന്‍ വളരെ എളുപ്പത്തില്‍ വ്യക്തികള്‍ക്ക് സാധിക്കുന്ന കാര്യം കൂടിയാണിത്.മടി കാട്ടാതെ മുതിര്‍ന്നവര്‍ക്കും പാടനീക്കിയ കൊഴുപ്പു കുറഞ്ഞ പാല്‍ കുടിക്കുന്നത് ശീലമാക്കാം.ഇന്‍റര്‍നാഷണല്‍ ഡയറി ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നിദ്രാഭാഗ്യം



ഒന്നുറങ്ങിയാല്‍ മതി, എല്ലാം ശരിയാകും. പല പ്രശ്നങ്ങളിലും നാം സമാധാനം കണ്ടെത്തുന്നത് ഇങ്ങനെയാണ്. നലെ്ലാരു താരാട്ടിനു പോലും ഉറക്കാനാകാത്ത വരുണ്ട്. ഒരു ദിവസമെങ്കിലും ഉറക്കം വരാതെ കിടന്നവര്‍ക്കേ അറിയൂ, ഉറക്കമില്ലായ്മയുടെ ഭീകരത. നിദ്രാദേവിയുടെ കടാക്ഷം കൂടിപ്പോയ ചില കുംഭകര്‍ണന്മാര്‍ക്കും പ്രശ്നമുണ്ട്. പഴയകാലത്ത്, ഉറക്കമിലെ്ലങ്കില്‍, ഉറക്കപ്രശ്നങ്ങളുണ്ടെങ്കില്‍ അത് അനുഭവിച്ചുതീര്‍ക്കാനായിരുന്നു പലരുടെയും വിധി. എണ്ണകള്‍ മാറിത്തേച്ചും ചില എണ്ണകളെ പഴിച്ചുമെല്ലാം പരീക്ഷണങ്ങള്‍ ഏറെ നടത്തിയവരുണ്ട്. കാലം മാറി. നിദ്രാവൈകല്യങ്ങളുടെ ചികില്‍സ വിപുലമായ സ്‌പെഷ്യല്‍റ്റിയുടെ തലത്തിലെത്തിയിട്ടുണ്ട്. ഒരാള്‍ ആയുസ്സിന്‍റെ മൂന്നിലൊന്നു ഭാഗം ഉറക്കത്തിനുപയോഗിക്കുന്നു.ദിവസം എട്ടുമണിക്കൂര്‍ ഉറങ്ങുന്ന ഒരാള്‍ വര്‍ഷം ഏതാണ്ട് മൂവായിരം മണിക്കൂര്‍ ഉറക്കത്തിലായിരിക്കും. അതായത് 70 വയസ്സുള്ള ഒരാള്‍ 24 വര്‍ഷം ഉറക്കത്തിലായിരിക്കും. ഉറക്കപ്രശ്നങ്ങളെ നിസാരമായി തള്ളാനാവിലെ്ലന്ന് ഇതില്‍നിന്നു തന്നെ വ്യക്തമലേ്ല.ഉറക്കം എന്തിനു വേണ്ടി• ശരിയായ ആരോഗ്യം നല്ല ഉറക്കത്തിന്‍റെ കൂടി സംഭാവനയാണ്.• ഉറക്കം ശരീരത്തിന് ഉന്മേഷം നല്‍കുന്നു.• പുതിയ കാര്യങ്ങള്‍ പഠിക്കാനും ഗ്രഹിക്കാനും ഉറക്കം ആവശ്യമാണ്. • ഒാര്‍മശക്തി മെച്ചപ്പെടുത്താന്‍ ഉറക്കം സഹായിക്കുന്നു. ഉറക്കം തലചേ്ചാറിന്‍റെ സ്വന്തമാണ്. മസ്തിഷ്കത്തിനു വേണ്ടി മസ്തിഷ്കം തന്നെ നടത്തുന്ന മസ്തിഷ്ക പ്രവര്‍ത്തനം. തലചേ്ചാറിലുണ്ടാകുന്ന മെലറ്റോണിന്‍ ഹോര്‍മോണാണ് നമ്മെ ഉറക്കുന്ന പ്രധാന ഘടകം. കണ്ണില്‍ പ്രകാശം പതിക്കുന്പോള്‍ മെലറ്റോണിന്‍ ഉല്‍പാദനം കുറയും. അതാണ് പകല്‍ ഉറക്കം വരാത്തതും രാത്രി ഉറങ്ങുന്നതും. നിശ്ചിതസമയത്ത് ഉറങ്ങുന്നതും രാവിലെ എഴുനേല്‍ക്കുന്നതുമെല്ലാം മസ്തിഷ്കത്തിന്‍റെ ഭാഗമായ ജൈവഘടികാരത്തിന്‍റെ പ്രവര്‍ത്തനം കൊണ്ടാണ്. ഉറക്കപ്രശ്നങ്ങള്‍ഏറ്റവും വ്യാപകമായ ഉറക്കപ്രശ്നം ഉറക്കമില്ലായ്മ തന്നെ. പത്തില്‍ എട്ടുപേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഉറക്കമില്ലായ്മയുടെ പ്രശ്നങ്ങള്‍ അനുഭവിക്കുന്നു. ഉറക്കമില്ലായ്മ പല തരത്തിലുണ്ട്. ചിലര്‍ എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം വരില്ല. ചിലര്‍ കൂടെക്കൂടെ ഉണരുകയും മയങ്ങുകയും ചെയ്‌യും. ഗാഢനിദ്ര ഉണ്ടാകില്ല. ഉറക്കക്കുറവിനു കാരണം പലതാണ്. മാനസിക സമ്മര്‍ദം, നാഡീസംബന്ധമായ തകരാറുകള്‍, മസ്തിഷ്ക രോഗങ്ങള്‍, ജീവിതചര്യയിലെ മാറ്റം, ഹോര്‍മോണ്‍ തകരാറുകള്‍ എന്നിവ കൊണ്ട് ഉറക്കമില്ലായ്മയുണ്ടാകാം.ഉറക്കത്തിലെ ശ്വാസഭംഗം (സ്ലീപ് അപ്നിയ) ഉറക്കത്തിനിടയ്ക്ക് ശ്വാസം നിന്നുപോകുന്ന അവസ്ഥയാണ് അപ്നിയ. മസ്തിഷ്ക പ്രശ്നങ്ങള്‍, ശ്വസനവഴിയിലെ തടസ്സം എന്നിവ കൊണ്ട് അപ്നിയ ഉണ്ടാകാം. ഉറക്കത്തില്‍ ശ്വാസം നിന്നുപോകുന്പോള്‍ തലചേ്ചാറിലേയ്ക്ക് ഒാക്സിജന്‍ എത്താതാകുകയും മസ്തിഷ്കപ്രവര്‍ത്തനം തകരാറിലാവുകയും ചെയ്‌യും. ഉണരുന്പോള്‍ മുതല്‍ തലവേദനയും മന്ദതയുമുണ്ടാകാം. അപ്നിയ കണ്ടെത്താനും പരിഹരിക്കാനും വിശദ പരിശോധനകള്‍ വേണ്ടിവരും.അനിയന്ത്രിതമായ ഉറക്കം (നാര്‍കോലെപ്സി)പകല്‍സമയത്തും ഇടയ്ക്കിടെ മയക്കം വരുന്ന അവസ്ഥയാണ് നാര്‍കോലെപ്സി. ഇതുള്ളവര്‍ക്ക് ഉറക്കം നിയന്ത്രിച്ചു നിര്‍ത്താനാകില്ല. ജോലിക്കിടയിലോ കളികള്‍ക്കിടയിലോ പോലും ഇത്തരക്കാര്‍ ഉറങ്ങിപ്പോകും. ഡ്രൈവിങ്ങിനിടയില്‍ ഉറങ്ങിപ്പോയി അപകടമുണ്ടാകാന്‍ ഏറെ സാധ്യത. വിശദ പരിശോധന നടത്തി കൃത്യമായി ചികില്‍സിച്ചാല്‍ ഈ രോഗം ഭേദമാക്കാം.ഉറക്കത്തില്‍ എഴുന്നേറ്റു നടക്കല്‍കുട്ടികളിലും കൗമാരക്കാരിലുമാണ് ഈ അവസ്ഥ കൂടുതല്‍. മസ്തിഷ്ക പ്രവര്‍ത്തനങ്ങളിലെ ചില താളപ്പിഴകളാണിതിനു കാരണം.കൂര്‍ക്കംവലികൂര്‍ക്കംവലി രോഗമാണെന്നു പറയാനാവില്ല. രോഗലക്ഷണമോ രോഗകാരണമോ ആകാം. ശ്വാസവായു കടന്നുപോകുന്ന വഴിയിലുണ്ടാകുന്ന തടസ്സങ്ങളാണ് കൂര്‍ക്കംവലിയുടെ പ്രധാന കാരണം. കഴുത്തിനു വണ്ണക്കൂടുതലുള്ളവര്‍ക്ക് കൂര്‍ക്കംവലിയുണ്ടാകാന്‍ സാധ്യത കൂടുതലാണ്. കൂര്‍ക്കംവലി മൂലം ശ്വാസപ്രവാഹം തടസ്സപ്പെടുന്നതിനാല്‍ തലചേ്ചാറിലേക്ക് ആവശ്യത്തിനു പ്രാണവായു എത്തിക്കാന്‍ കഴിയാതെ വരും. പക്ഷാഘാതം, ഹൃദയാഘാതം, പ്രമേഹം തുടങ്ങിയ ഗുരുതര രോഗാവസ്ഥകള്‍ക്ക് കൂര്‍ക്കംവലി കാരണമാകും.മാനസികപ്രശ്നങ്ങള്‍നിദ്രാവൈകല്യങ്ങള്‍ക്കു കാരണമാകുന്ന മാനസിക പ്രശ്നങ്ങളില്‍ ഏറ്റവും പ്രധാനം മാനസിക സമ്മര്‍ദമാണ്. വളരെ അടുത്ത ബന്ധുവിന്‍റെ മരണം ഉദാഹരണം. ഗ്രീഫ് റിയാക്ഷന്‍ എന്നു വിളിക്കുന്ന ഈ അവസ്ഥയില്‍ മാസങ്ങളോളം ഉറക്കം നഷ്ടപ്പെടുന്നു. തൊഴില്‍സംബന്ധമായ പിരിമുറുക്കം ഉറക്കമില്ലായ്മയിലേക്കു നയിക്കാം. വിഷാദരോഗം, ഉല്‍ക്കണ്ഠ എന്നിവയും ഉറക്കക്കുറവുണ്ടാക്കുന്നു. ഉറക്കക്കുറവിനെപ്പറ്റി ആവശ്യത്തിലേറെ ആധി പൂണ്ടാലും ഉറക്കം നഷ്ടപ്പെടും. പിരിമുറുക്കം അയയ്ക്കാന്‍ റിലാക്‌സേഷന്‍ തെറപ്പി ഫലപ്രദമാണ്. ഇതിലൂടെ സ്വസ്ഥമായ ഉറക്കം നേടാനാകും. ഷിഫ്റ്റ് ജോലിരാത്രിയും പകലും ഷിഫ്റ്റ് ജോലികള്‍ ചെയ്‌യുന്നവര്‍ക്ക് ഉറക്കമില്ലായ്മയോ അമിത ഉറക്കമോ ഉണ്ടാകാം. ഏകാഗ്രതയില്ലായ്മ, തലവേദന, ശരീരത്തിന് ബലക്ഷയം എന്നിവയും സംഭവിക്കാം. ഈ ലക്ഷണങ്ങളുള്ള ഷിഫ്റ്റ് ജോലിക്കാര്‍ വൈദ്യസഹായം തേടിയേ മതിയാകൂ. അല്ലാത്തപക്ഷം അപകടങ്ങള്‍ ഉണ്ടാവുക, ജോലിയില്‍ പിഴവ് പറ്റുക, മാനസികാസ്വാസ്ഥ്യം, വൈകാരിക പ്രശ്നങ്ങള്‍ എന്നിവയുണ്ടാകാം. ഷിഫ്റ്റ് ജോലി ചെയ്‌യുന്നവര്‍ ഉറക്കത്തിനു മുന്‍ഗണന നല്‍കണം. ജോലി കഴിഞ്ഞാല്‍ കഴിവതും വേഗം ഉറങ്ങാന്‍ ശ്രമിക്കുക. വീട്ടില്‍ ഉറക്കത്തിന് ശാന്തമായ അന്തരീക്ഷം വേണം.ഉറക്കം, ഡ്രൈവിങ്ദീര്‍ഘദൂര ഡ്രൈവിങ്ങിനു മുന്‍പ് ആവശ്യമായ ഉറക്കം ഉറപ്പാക്കണം. ദീര്‍ഘദൂര ഒാട്ടങ്ങള്‍ക്കിടെ തീര്‍ച്ചയായും ഡ്രൈവര്‍ക്ക് ലഘുവിശ്രമം ആവശ്യമാണ്. അര്‍ധരാത്രിക്കും പ്രഭാതത്തിനുമിടയിലുള്ള ഡ്രൈവിങ് പരമാവധി ഒഴിവാക്കുകയാണ് നല്ലത്. നിദ്രാപഠന ലാബ്‌വിവിധ പരിശോധനാ ഉപകരണങ്ങളുടെ സഹായത്തോടെ ഉറക്കത്തെപ്പറ്റി പഠിക്കുകയാണ് നിദ്രാപഠന ലാബില്‍. പരിശോധനാ സമയത്ത് ഇഇജി, ഇഒജി, ഇസിജി തുടങ്ങിയവയെല്ലാം രേഖപ്പെടുത്തും. സാധാരണ ഉറങ്ങുന്ന സമയത്ത് ലാബിലെത്തി ഉപകരണങ്ങള്‍ സെറ്റ് ചെയ്തശേഷം സ്വാഭാവികമായി രോഗി ഉറങ്ങുകയാണു ചെയ്‌യുന്നത്. പരിശോധനകളെല്ലാം ഉറക്കത്തിനിടയിലാണ്. പിന്നീട് ചികില്‍സ തീരുമാനിക്കും.ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് നിദ്രാപഠന കേന്ദ്രംതിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന നിദ്രാപഠനകേന്ദ്രം ഇന്ത്യയില്‍ത്തന്നെ ഈ മേഖലയിലെ ആദ്യസംരംഭമാണ്. ഉറക്കപ്രശ്നങ്ങള്‍ക്ക് വിവിധ ചികില്‍സാ മേഖലയില്‍നിന്നുള്ള വിദഗ്ധര്‍ ചേര്‍ന്നുള്ള സമഗ്രമായ ചികില്‍സാ രീതിയാണ് ഇവിടെ ആവിഷ്കരിച്ചിട്ടുള്ളത്. നല്ല ഉറക്കത്തിന്• മനസ്സിന് അയവു വരുത്തി ഉറങ്ങാന്‍ പോവുക• ഉറങ്ങാനും ഉണരാനും കൃത്യമായ സമയം കണ്ടെത്തുക• ഉറങ്ങുംമുന്‍പ് ഉത്തേജക പാനീയങ്ങള്‍ വേണ്ട• ഉറക്കം വരുന്പോള്‍ മാത്രം കിടക്കുക, കിടപ്പറ ഇരുണ്ടതും ശാന്തവുമായിരിക്കണം• കിടന്നശേഷം ജീവിതപ്രശ്നങ്ങളെപ്പറ്റി ചിന്ത വേണ്ട• കിടന്ന് അരമണിക്കൂറിനുള്ളില്‍ ഉറങ്ങിയിലെ്ലങ്കില്‍ എഴുന്നേറ്റ് മനസ്സിന് അയവു വരുത്താന്‍ ശ്രമിച്ച് വീണ്ടും കിടക്കുക• ഉറങ്ങുന്നതിനു തൊട്ടുമുന്‍പ് അമിതഭക്ഷണം വേണ്ട• വൈകിട്ട് മൂന്നുമണിക്കു ശേഷം പകല്‍ ഉറക്കം അരുത്• രാവിലെ ഉണര്‍ന്നാല്‍ അല്‍പനേരം സൂര്യപ്രകാശമേല്‍ക്കുന്നത് ഉറക്കത്തിനു നല്ലതാണ്കൂര്‍ക്കംവലി ഒഴിവാക്കാന്‍• വ്യായാമം പതിവാക്കുക• മലര്‍ന്നുകിടന്നുറങ്ങുന്പോള്‍ കൂര്‍ക്കം വലിക്കുമെങ്കില്‍ ചരിഞ്ഞുറങ്ങുക• പൊണ്ണത്തടി കുറയ്ക്കുക• തല അധികം ഉയര്‍ത്തിയോ താഴ്ത്തിയോ വച്ച് ഉറങ്ങരുത്• ഭക്ഷണം കഴിഞ്ഞ് കുറഞ്ഞത് ഒന്നര മണിക്കൂറിനു ശേഷം ഉറങ്ങുക• ഉറക്കഗുളികകള്‍ ഉപയോഗിക്കരുത്• ഉറക്കത്തിനു മുന്‍പ് കാപ്പിയും ചായയും ഒഴിവാക്കുക.• ജലദോഷം, മൂക്കടപ്പ് ഇവയുള്ളവര്‍ ആവി കൊണ്ടതിനു ശേഷം ഉറങ്ങുക• ഉറങ്ങുന്നതിനു മുന്‍പ് പുക വലിക്കരുത്. വിവരങ്ങള്‍ക്ക് കടപ്പാട്:ഡോ. ആശാലതശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് സമഗ്ര നിദ്രാപഠന കേന്ദ്രംതിരുവനന്തപുരം

തടി കൂടുന്നത് സൂക്ഷിക്കണം; കിഡ്‌നി ക്യാന്‍സറിന് കാരണമാകാം...







കിഡ്‌നി ക്യാന്‍സര്‍ വര്‍ധിക്കുന്നു, കാരണം പൊണ്ണത്തടി ഓരോ വര്‍ഷവും കിഡ്‌നിയില്‍ ക്യാന്‍സറുണ്ടാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് പഠനങ്ങളില്‍ തെളിയിക്കുന്നു. പൊണ്ണത്തടിയാണ് ഇതിന് പ്രധാന കാരണമെന്നാണ് വിദഗ്ധാഭിപ്രായം. 2009ല്‍ 9000കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 1975ല്‍ 3000 മാത്രമായിരുന്നു കിഡ്‌നി ക്യാന്‍സറെന്നത് അറിയുമ്പോഴാണ് ഈ വര്‍ധനവിനെക്കുറിച്ച് ഉത്കണ്ഠയുണ്ടാകുന്നത്. ബ്രിട്ടനില്‍ ക്യാന്‍സറുകളില്‍ സര്‍വസാധാരണമായി മാറിയിരിക്കുകയാണ് കിഡ്‌നി ക്യാന്‍സര്‍. ക്യാന്‍സറുകളില്‍ എട്ടാം സ്ഥാനത്താണ്. 1975ല്‍ കിഡ്‌നി ക്യാന്‍സര്‍ ബ്രിട്ടനില്‍ 14ാം സ്ഥാനത്തായിരുന്നു.


പുകവലിക്ക് ശേഷം ഈ ക്യാന്‍സറുണ്ടാകാന്‍ കാരണം അമിത വണ്ണമാണത്രേ. അമിത വണ്ണമുള്ളവരില്‍ കിഡ്‌നി ക്യാന്‍സറുണ്ടാകാനുള്ള സാധ്യത 70 ശതമാനത്തോളമാണ്. യുകെയിലെ ക്യാന്‍സര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കിഡ്‌നി ക്യാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് സങ്കടകരമാണെന്ന് ന്യൂസ് റീഡറും കിഡ്‌നി ക്യാന്‍സര്‍ സര്‍വൈവറുമായ നിക്കൊളാസ് ഓവന്‍ പറയുന്നു. ബ്ലഡിലോ മൂത്രത്തിലോ ഇതിന്റെ എന്തെങ്കിലും സൂചന ലഭിച്ചാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ അടുത്ത് പോയി പരിശോധനയ്ക്ക് വിധേയരാകാന്‍ ആളുകള്‍ തയാറാകണമെന്നും നിക്ക് പറയുന്നു.


പ്രശ്‌നങ്ങളെല്ലാം ക്യാന്‍സറാകണമെന്നില്ല. എന്നാല്‍ എന്തെങ്കിലും വ്യത്യാസം അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണുന്നത് കൊണ്ട് പ്രശ്‌നമൊന്നുമില്ല. ക്യാന്‍സര്‍ വളരെ നേരത്തേ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ അത് ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത വര്‍ധിക്കുമെന്നും നിക്കൊളാസ് പറയുന്നു. വാരിയെല്ലിന് കടുത്ത വേദന, അടിവയറ്റില്‍ തുടര്‍ച്ചയായ വേദന എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍. മൂത്രത്തില്‍ കല്ലിന്റെ ലക്ഷണങ്ങളും ഇതൊക്കെത്തന്നെയാണ്. കിഡ്‌നി ക്യാന്‍സര്‍ മാത്രമല്ല അമിത വണ്ണം മൂലമുണ്ടാകുന്നതെന്ന് ക്യാന്‍സര്‍ റിസര്‍ച്ച് യുകെ ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ സാറ ഹിയോം പറയുന്നു.


ആറിലേറെ ക്യാന്‍സറുകള്‍ക്കും അമിത വണ്ണം കാരണമാകുന്നു. കഴിഞ്ഞ 35 വര്‍ഷമായി കിഡ്‌നി ക്യാന്‍സര്‍ ബാധിച്ച് ചികിത്സ മൂലം ഭേദമായവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും സാറ പറയുന്നു. ക്യാന്‍സര്‍ നേരത്തേ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത വര്‍ധിക്കുന്നുവെന്നും സാറ.